തിരുവനന്തപുരം- നിര്‍ബന്ധിച്ച് അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചുവെന്ന നടന്റെ പരാതിയില്‍ പ്രൊഡക്്ഷന്‍ ഹൗസുമായി
ഒപ്പിട്ട കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു.
സംവിധായികക്കും ഒ.ടി.ടി.ക്കെതിരെയുമാണ് നടന്റെ പരാതി. പ്രൊഡക്ഷന്‍ ഹൗസുമായി താരം ഒപ്പിട്ട കരാറില്‍ അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് ആണെന്ന് ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയെ ബാധിക്കുന്ന രീതിയില്‍ ഇടപെടലുണ്ടായാല്‍ നിര്‍മ്മാണച്ചെലവ് പൂര്‍ണ്ണമായും ഈടാക്കുമെന്ന് കരാറില്‍ പറയുന്നുണ്ട്. ഒക്ടോബര്‍ ഒന്നിനാണ് പരാതിക്കാരന്‍ കരാര്‍ ഒപ്പിട്ടത്. അതിനിടെ, വിവാദ ഒടിടി പ്ലാറ്റ്‌ഫോം വെബ് സീരീസിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടു. പരാതിക്കാരന്‍ വീഡിയോ ഷൂട്ടുമായി സഹകരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 10,000 രൂപയാണ് നടന് പ്രതിദിന വേതനം. വെങ്ങാനൂര്‍ സ്വദേശിയായ നടന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സംവിധായികക്കെതിരെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെതിരെയും വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കരാര്‍ ലംഘിച്ച് നഗ്‌നനായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. 90 ശതമാനം നഗ്‌നനായി അഭിനയിക്കാമെന്ന് കരാറുണ്ടെന്നാണ് സംവിധായികയും ഒടിടി പ്ലാറ്റ്‌ഫോം അധികൃതരും പറയുന്നത്. ഒപ്പിട്ട ശേഷമാണ് ഇതൊരു അശ്ലീല പരമ്പരയാണെന്ന് പ്രഖ്യാപിച്ചത്. തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും നടന്‍ ആരോപിക്കുന്നു.