ന്യൂദല്‍ഹി-ജിഹാദ് ഇസ്ലാമില്‍ മാത്രമല്ലെന്നും ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളിലും ജിഹാദുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ശിവരാജ് പാട്ടീല്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമായ മുഹ്‌സിന കിദ്വായിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിലെ ജിഹാദിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ ജിഹാദ് ഇസ്ലാമില്‍ മാത്രമല്ല ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലുമുണ്ട്. മഹാഭാരതത്തിലും ഭഗവദ്ഗീതയിലും ഭഗവാന്‍ കൃഷ്ണന്‍ ജിഹാദിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മഹാഭാരതത്തില്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ജിഹാദിനെക്കുറിച്ച് പറയുന്നതു കാണാം. ചിലര്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ ബലപ്രയോഗം നടത്താമെന്ന ഉപദേശങ്ങളുണ്ട്. പിന്നെ ഗീതയില്‍ പഠിപ്പിക്കുന്നത് ആയുധം വഹിക്കുന്നത് ജിഹാദാണെന്നും തെറ്റല്ലെന്നുമാണ്. ഇതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഇതാണ് അര്‍ജുനന്‍ കൃഷ്ണനെ പഠിപ്പിച്ചത്.
ക്രിസ്തുമതത്തില്‍ യേശുക്രിസ്തു പറഞ്ഞതും ജിഹാദിനെ കുറിച്ചാണ്. ഞാന്‍ ഈ ലോകത്ത് സമാധാനം കൊണ്ടുവരാന്‍ വന്നിരിക്കുന്നു, പക്ഷേ വാളുകൊണ്ടാണെന്നാണ് യേശുക്രിസ്തു പറയുന്നത്.
എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിച്ചു കൊണ്ട് ഒരാള്‍ക്ക് ഇഷ്ടമുള്ള മതം എങ്ങനെ പിന്തുടരാമെന്ന കാര്യം മുഹ്‌സിന് കിദ്വായിയുടെ പുസ്തകം വിശദീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകമെമ്പാടും സമാധാനം ആവശ്യമാണ്- ശിവരാജ് പാട്ടീല്‍ പറഞ്ഞു.
ദിഗ്‌വിജയ് സിംഗ്, ശശി തരൂര്‍, ഫാറൂഖ് അബ്ദുല്ല, സുശീല്‍കുമാര്‍ ഷിന്‍ഡെ തുടങ്ങിയ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
അതിനിടെ, ശിവരാജ് പാട്ടീലിന്റെ പ്രസംഗത്തെ ബി.ജെ.പി ശക്തമായി അപലപിച്ചു. ഹിന്ദു വിദ്വേഷം വിതച്ച് വോട്ട് ബാങ്ക്് രാഷ്ട്രീയമാണ് ശിവരാജ് പാട്ടീല്‍ പയറ്റുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.