ജയ്പൂര്‍-ക്രിസ്തുമതം സ്വീകരിക്കുന്ന ഹിന്ദുക്കള്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യം പിന്‍വലിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനത്തിന് ശേഷം ക്രിസ്ത്യാനികളായി മാറിയവര്‍ ഇപ്പോഴും തങ്ങളുടെ ഹിന്ദു പേരുകളും യോഗ്യതകളും രേഖകളില്‍ ഉപയോഗിക്കുന്നുണ്ടെന്നും പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗ (എസ്ടി) വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തിന്റെ ആനുകൂല്യം നേടുന്നുണ്ടെന്നും വിഎച്ച്പി ദേശീയ വക്താവ് വിജയ് ശങ്കര്‍ തിവാരി പറഞ്ഞു.
ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുകയും സര്‍വേ നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ വരുംദിവസങ്ങളില്‍ വി.എച്ച്.പി ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തുമെന്നും തിവാരി പറഞ്ഞു.
എസ്‌സി, എസ്ടി വിഭാഗങ്ങളില്‍ പെട്ടവര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടും പേരുകളും മറ്റ് യോഗ്യതാപത്രങ്ങളും മാറ്റാത്ത നിരവധി കേസുകളുണ്ടെന്ന് വിഎച്ച്പി പ്രാദേശിക വക്താവ് പ്രഭാത് ശര്‍മ പറഞ്ഞു.
ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് സംവരണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.