കൊച്ചി-നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി മതില്‍ നിര്‍മിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും 6 വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തതോടെയാണു ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്.
കടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിര്‍മിച്ചിരുന്നു. ഇതു ചിലവന്നൂര്‍ കായല്‍ പുറമ്പോക്കു കയ്യേറി നിര്‍മിച്ചതെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ആണ് ഇതു കണ്ടെത്തിയത്. കോര്‍പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവം നടന്നത് എറണാകുളം ജില്ലയില്‍ ആയതിനാല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കു കേസ് മാറ്റി.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതിനു കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നായിരുന്നു പരാതി.
ജയസൂര്യയും കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവരും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണു കുറ്റപത്രം. 2013ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്കു കൊച്ചി കോര്‍പറേഷന്‍ 2014ല്‍ നോട്ടിസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.