ബംഗളൂരു- ഉത്സവദിവസം ഭക്ഷണം പാകം ചെയ്തില്ലെന്നാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തനാക്കി.
ചിക്കമംഗളൂരു ജില്ലയില്‍ നിന്നുള്ള സുരേഷയെയാണ് രണ്ടാം ഭാര്യ രാധയെ കൊലപ്പെടുത്തിയെന്ന കേസില്‍ വെറുതെ വിട്ടത്.
ആദ്യ ഭാര്യ മീനാക്ഷിയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്നാണ് സുരേഷ രാധയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2016ല്‍ ഉത്സവ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മദ്യപിച്ച നിലയില്‍ കണ്ടത്തിയ രാധയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഉത്സവം ആഘോഷിക്കാതെയും ഭക്ഷണം പാകം ചെയ്യാതെയും ഉറങ്ങാന്‍ പോയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ഭാര്യയെ കൊലപ്പെടുത്തിയതിന് 2017 നവംബറില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷക്കെതിരെ പ്രതി കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
കൊലപാതകം നടത്താനുള്ള പ്രതിയുടെ ഉദ്ദേശ്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുരേഷയെ കുറ്റവിമുക്തനാക്കിയത്.
ഐപിസി സെക്്ഷന്‍ 304 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിന് ആറ് വര്‍ഷവും 22 ദിവസവും തടവ് അനുഭവിച്ചു കഴിഞ്ഞതിനാല്‍ മറ്റേതെങ്കിലും കേസില്‍ ആവശ്യമില്ലെങ്കില്‍ സുരേഷയെ ഉടന്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.