തിങ്കളാഴ്ച ഏറ്റവും മോശം ദിവസം; ഗിന്നസ് ബുക്കും അംഗീകരിച്ചു

ലണ്ടന്‍- ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോര്‍ഡ് തിങ്കളാഴ്ചയ്ക്ക് ലഭിച്ചു. ട്വിറ്ററിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് തിങ്കളാഴ്ചയെ ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിന് പിന്നാലെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാരാന്ത്യത്തിന് ശേഷമുള്ള ആദ്യ ദിവസമായതിനാല്‍ പലരും തിങ്കളാഴ്ചയെക്കുറിച്ച് തമാശയായും ഗൗരവത്തോടെയും പരാതിപ്പെടാറുണ്ടായിരുന്നു.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പ്രഖ്യാപനം ഇത് ശരിവെക്കുന്നതായി. തിങ്കളാഴ്ച എക്കാലത്തെയും മോശം ദിവസമാണെന്ന തിരിച്ചറിവിലേക്ക് നിങ്ങള്‍ എത്താന്‍ വളരെ വൈകിയെന്ന് ആംഗ്രി ബേര്‍ഡ് റെഡ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ അഭിപ്രായപ്പെട്ടു. മോശം ദിവസമായതിനാല്‍ തിങ്കളാഴ്ചയാണ് താന്‍ അവധിയെടുക്കുന്നതെന്ന മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡില്‍ കമന്റിന് ഗിന്നസ് ബുക്ക് 'സ്മാര്‍ട്ട്' എന്ന് മറുപടി നല്‍കി. ആഴ്ചയുടെ അവസാനത്തിലോ തുടക്കത്തിലോ ചിലര്‍ക്ക് ഉണ്ടാവുന്ന നെഗറ്റീവ് ചിന്തകളെ സൂചിപ്പിക്കാന്‍ 'മണ്ടേ ബ്ലൂസ്' എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.

 

Latest News