കൊല്‍ക്കത്ത-ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ നേരത്തെ വിട്ടയച്ചതിന് കേന്ദ്രം ഭരിക്കുന്ന ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിടാനുള്ള തീരുമാനത്തിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
സി.ബി.ഐയും സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയും വേണ്ട എന്നു പറഞ്ഞിട്ടും ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളേയും വിട്ടയക്കാന്‍ കേന്ദ്രം അനുവദിച്ചെന്ന് മഹുവ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്രം നല്കിയ അനുമതി കത്തും അവര്‍ പങ്കുവെച്ചു.
രാജ്യത്തെ ഞെട്ടിച്ചുകോണ്ട് ബലാത്സംഗ, കൊലക്കേസുകളിലെ പ്രതികളെ നേരത്തെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹജി നല്കിയവരില് മഹുവ മൊയ്ത്രയും ഉള്‍പ്പെടുന്നു. ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് 11 ബലാത്സംഗ കുറ്റവാളികള്‍ ജയില്‍ മോചിതരായത്.
ഇവരുടെ മോചനം ഉറപ്പാക്കാന്‍ ഗുജറാത്ത് പഴയതും കാലഹരണപ്പെട്ടതുമായ നയമാണ് പ്രയോജനപ്പെടുത്തിയത്. പ്രതികളുടെ നല്ല പെരുമാറ്റവും 14 വര്‍ഷത്തിലേറെ തടവ് അനുഭവിച്ചതുമാണ് ചൂണ്ടിക്കാട്ടിയിരുന്നത്.
തങ്ങളോട് ആലോചിക്കുകയോ ഈ നീക്കത്തെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ബില്‍ക്കിസ് ബാനുവും കുടുംബവും വ്യക്തമാക്കിയിരുന്നു.