Sorry, you need to enable JavaScript to visit this website.

ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കില്ല; ഇസ്രായേലിനെ പ്രകോപിപ്പിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി- പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കില്ലെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. മുന്‍ സര്‍ക്കാരിന്റെ വിവാദ തീരുമാനം മാറ്റിയാണ് പുതിയ പ്രഖ്യാപനം.
ഇസ്രായേലും ഫലസ്തീന്‍ ജനതയും തമ്മിലുള്ള സമാധാന ചര്‍ച്ചകളുടെ ഭാഗമായി ജറൂസലം അന്തിമ പദവിയുടെ പ്രശ്‌നമാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പ്രസ്താവനയില്‍ പറഞ്ഞു.
ഓസ്‌ട്രേലിയ എല്ലായ്‌പ്പോഴും ഇസ്രായേലിന്റെ അചഞ്ചലമായ സുഹൃത്തായിരിക്കും. അതേസമയം,  അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ക്കുള്ളില്‍ ഇസ്രയേലും ഭാവി പലസ്തീനും സമാധാനത്തോടെ നിലകൊള്ളുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് പ്രതിജ്ഞാബദ്ധമാണെന്നും പെന്നി വോങ് പറഞ്ഞു.
തീരുമാനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഓസ്‌ട്രേലിയന്‍ അംബാസഡറെ വിളിപ്പിക്കുമെന്ന് അറിയിച്ചു.
ജറൂസലം 3,000 വര്‍ഷമായി യഹൂദ ജനതയുടെ തലസ്ഥാനമാണ്. ഇസ്രായേലിന്റെ ശാശ്വതവും ഏകീകൃതവുമായ തലസ്ഥാനമായി ജറൂസലം തുടരും- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ 2018 ഡിസംബറില്‍ പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചെങ്കിലും എംബസി ഉടന്‍ അവിടേക്ക് മാറ്റില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വര്‍ഷം മുമ്പ് ജറുസലേമിനെ ഇസ്രായാല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. പലസ്തീനികള്‍ അവരുടെ ഭാവി തലസ്ഥാനമാകാന്‍ ആഗ്രഹിക്കുന്ന നഗരമാണ് ജറൂസലം.

 

Latest News