ന്യൂദല്‍ഹി- അശ്ലീല വെബ് സീരീസെടുത്ത് യുവതമുറയെ നശിപ്പിക്കുന്നോ? ബോളിവുഡ് നിര്‍മാതാവ് ഏക്ത കപൂറിനോട് സുപ്രീം കോടതി. ഏക്ത രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ് എന്നാണ് രൂക്ഷ വിമര്‍ശനവുമായി കോടതി ആരോപിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങിയ വെബ് സീരീസായ ട്രിപ്പിള്‍ എക്‌സിലെ അശ്ലീല ദൃശ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. 'നിങ്ങള്‍ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ്. അത് എല്ലാവര്‍ക്കും ലഭ്യമാകുന്ന വെബ് സീരിസാണ്. ഒടിടി കണ്ടന്റ് എല്ലാവര്‍ക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. ജനങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ നല്‍കുന്നത്? ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ എഎല്‍ടി ബാലാജിയില്‍ സംപ്രേഷണം ചെയ്ത വെബ് സീരീസില്‍ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ ഏക്തയ്ക്കും അമ്മയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.ഏക്ത കപൂറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരായത്. പാറ്റ്‌ന ഹൈക്കോടതിയില്‍ ആറസ്റ്റ് വാറണ്ടിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ വിഷയം ഹൈക്കോടതി ഉടന്‍ വാദം കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത് എന്നുമായിരുന്നു അദ്ദേഹം കോടതിയില്‍ പറഞ്ഞത്.
സമാനമായ കേസില്‍ സുപ്രീം കോടതി നേരത്തെ ഏക്ത കപൂറിന് അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടാനും കോടതി മറന്നില്ല. 'നിങ്ങള്‍ ഈ കോടതിയിലേക്ക് വരുമ്പോഴെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് ഞങ്ങള്‍ നിങ്ങളുടെ മേല്‍ കോടതി ചിലവ് ചുമത്തുകയാണ് വേണ്ടത്'. നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെ്ക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി എന്നും കോടതി നില്‍ക്കണമെന്നില്ലെന്ന് നിങ്ങളുടെ കക്ഷിയെ അറിയിക്കണമെന്നും കോടതി ഏക്തയ്ക്കായി ഹാജരായ മുകുള്‍ റോത്തഗിയോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഇതിലും പ്രധാന്യമുള്ള വിഷയങ്ങളുണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. സുപ്രീം കോടതി ഹര്‍ജി മാറ്റിവച്ചിരിക്കുകയാണ്. എക്‌സ് എക്‌സ് എക്‌സ് വെബ് സീരിസിന്റെ സീസണ്‍ 2ല്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട അശ്ലീല രംഗങ്ങള്‍ അവതരിപ്പിച്ചതാണ് കേസിന് ആധാരം.