ബെയജിങ് -ചൈനയിലെ മിയാൻയാങ് നൻജിയാവോ വിമാനത്താവളത്തിൽ പറന്നുയരാൻ ഒരുങ്ങുകയായിരുന്ന വിമാനത്തിലെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു. അകത്തെ ചൂട് സഹിക്കാൻ കഴിയാതെ അൽപ്പം ശുദ്ധവായു ലഭിക്കാനാണ് എമർജൻസി വാതിൽ തുറന്നതെന്ന് 25കാരനായ യുവാവ് പറഞ്ഞു. ടേക്ക് ഓഫിനു ഏതാനും നിമിഷങ്ങൾക്കു മുമ്പായിരുന്നു സംഭവം. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഏപ്രിൽ 27നാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എമർജൻസി ഡോർ തുറന്നതോടെ അനുബന്ധ സുരക്ഷാ സംവിധാനങ്ങളെല്ലാം പ്രവർത്തന ക്ഷമമാകുകയും സുരക്ഷാ ഗോവണി തുറക്കുകയും ചെയ്തതോടെ ഇയാൾ ആകെ അമ്പരന്നു. എന്നാൽ ഇതു എമർജൻസി വാതിലായിരുന്നുവെന്ന് അറിയാതെയാണ് ഡോർ ഹാൻഡിലിൽ പിടിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
വിമാനത്തിനുള്ളിലെ തിരക്കും ചൂടും കാരണം അസ്വസ്ഥനായായണ് തന്റെ അരികിലുള്ള ഡോർ ഹാൻഡിൽ വലിച്ചു തുറക്കാൻ ശ്രമിച്ചതെന്നും എന്നൽ ഇതു തുറന്നപ്പോൾ ഭയപ്പെട്ടെന്നും യുവാവ് പറഞ്ഞു. 15 ദിവസത്തേക്ക് തടങ്കലിലായ ഇയാൾക്ക് 11,000 ഡോളർ വരെ പിഴ ചുമത്തിയേക്കാം. യാത്ര മുടങ്ങിയതു മൂലം വിമാന കമ്പനിക്കുണ്ടായ ചെലവാണിത്.