ന്യൂദല്‍ഹി- കൈക്കൂലി വാങ്ങിയതിന് മേജര്‍ റാങ്കിലുള്ള രണ്ട് സൈനികരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. എഞ്ചിനീയര്‍ ഹിമാന്‍ഷു മിശ്ര, ജൂനിയര്‍ എഞ്ചിനീയര്‍ മിലിന്ദ് വടിലെ എന്നിവരാണ് അറസ്റ്റിലായത്. നാസിക്കിലെ ആര്‍മി ഏവിയേഷന്‍ സ്കൂളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ഏവിയേഷന്‍ സ്കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയ കോണ്‍ട്രാക്ടറോട് ബില്ലുകള്‍ മാറാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അന്വേഷണത്തില്‍ സി.ബി.ഐയുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. അറസ്റ്റിലായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പും എത്തിയിട്ടുണ്ട്. സൈന്യം ഒരിക്കലും അഴിമതിക്കൊപ്പം നില്‍ക്കില്ലെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.