സാൻ ഫ്രാൻസിസ്കോ- ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് വാട്സാപ്പ് സഹസ്ഥാപകനും സിഇഒയുമായ ജാൻ കോം കമ്പനി വിടുന്നു. ഫേസ്ബുക്ക് വിടുന്നതായി കോം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. എന്നാൽ കമ്പനി വിടാനുളള കാരണമോ അടുത്ത പദ്ധതിയോ ഈ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ബ്രയാൻ ആക്ടനൊപ്പം വാട്സാപ്പ് സ്ഥാപിച്ച കോം 2014ലെ ഏറ്റെടുക്കലിലൂടെയാണ് ഫേസ്ബുക്കിന്റെ ഭാഗമായത്. തുടർന്നും വാട്സാപ്പിന്റെ തലപ്പത്ത് തുടർന്ന കോം ഉപഭോക്താക്കളുടെ സ്വകാര്യാ സംരക്ഷണം, വാട്സാപ്പിന്റെ ബിസിനസ് തന്ത്രങ്ങൾ എന്നിവയെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളെ ചൊല്ലിയാണ് മാതൃകമ്പനിയായ ഫേസ്ബുക്ക് വിടുന്നതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പ് വിടുന്നതോടൊപ്പം ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ നിന്നും കോം സ്ഥാനമൊഴിയും.
ഫേസ്ബുക്ക് വാട്സാപ്പ് ഉപഭോക്താക്കളുടെ വ്യക്തിഗത ഡാറ്റ ഉപയോഗപ്പെടുത്തുന്നതിലും ഡാറ്റ എൻക്രിപ്ഷൻ ദുർബലപ്പെടുത്തുന്നതിലും കോമിനും കടുത്ത വിയോജിപ്പുകളുണ്ടായിരുന്നതായാണ് റിപ്പോർട്ട്. കോമിന്റെ പിന്മാറ്റം അസാധാരണമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്ത കമ്പനികളുടെ ഉടമകളിൽ ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ അംഗത്വമുണ്ടായിരുന്നു ഏക ഉടമയായിരുന്നു കോം.
ഇന്ത്യയിൽ വാട്സാപ്പ് അവതരിപ്പിച്ച മൊബൈൽ പേമെന്റ് സംവിധാനത്തെ ചൊല്ലിയും ഫേസ്ബുക്കുമായി തർക്കമുണ്ടായിരുന്നതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പറയുന്നു. പരസ്യവരുമാനം കണ്ടെത്തുന്നതിനായി വാട്സാപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് യുസർ പ്രൊഫൈൽ ഉണ്ടാക്കി ഉപയോഗപ്പെടുത്താനുള്ള ഫേസ്ബുക്കിന്റെ നീക്കത്തെ നേരത്തെ വാട്സാപ്പ ഉദ്യോഗസ്ഥർ എതിർത്തിരുന്നു. ഒടുവിൽ വാട്സാപ്പ് സ്ഥാപകരായ ആക്ടനും കോമിനും ഇതു സമ്മതിക്കേണ്ടി വരികയായിരുന്നു.