കൊച്ചി- അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനാൽ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.
ഇതേ തുടർന്നാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കേസ് നേരത്തെ സ്റ്റേ ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രണ്ട് പേരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതുകൊണ്ട് പരാതി പിൻവലിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. പരാതി പിൻവലിക്കുകയാണെന്ന് കാണിച്ച് കോടതിയിൽ സമർപ്പിക്കേണ്ട ഹരജിയിൽ പരാതിക്കാരി ഒപ്പിട്ട് നൽകിയിരുന്നു. സംഭവത്തിൽ പരാതിക്കാരിയോടും കുടുംബത്തോടും ചാനലിലെ മറ്റ് ജീവനക്കാരോടും ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകൻ പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും സമർപ്പിച്ചെന്നും അഭിഭാഷകൻ അറിയിച്ചു. ഇതേ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.