Sorry, you need to enable JavaScript to visit this website.

ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും റബർ വില  കരുത്താർജിച്ചില്ല

കൊച്ചി- ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും ഇന്ത്യൻ റബറിന് കരുത്ത് നേടാനായില്ല.  ജനുവരി-മാർച്ച് കാലയളവിൽ പത്ത് ശതമാനം വില തകർച്ചയെ അഭിമുഖീകരിച്ച അന്താരാഷ്ട്ര റബർ വിപണി തിരിച്ചു വരവിനുള്ള ഒുരുക്കത്തിലാണ്. ക്രൂഡ് ഓയിലിന്റെ വില ഉയർന്നത് ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് ആവേശമായി. അതേ സമയം വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകൾ ആഭ്യന്തര മാർക്കറ്റിനെ ഉയർത്തിയില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 12,000 രൂപയിൽ നിന്ന് 11,800 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബർ 11,700 രൂപയിലാണ്.
നാളികേര ക്ഷാമത്തിനിടയിൽ കൊപ്രയാട്ട് വ്യവസായികൾ ചരക്ക് സംഭരണം ഒരു വശത്ത് ശക്തമാക്കിയിട്ടും എണ്ണ വില താഴ്ന്നു. ഉൽപാദനം കുറയുമെന്ന വിലയിരുത്തലാണ് വ്യവസായികളെ വില ഉയർത്തി കൊപ്ര ശേഖരിക്കാൻ വാരത്തിന്റെ ആദ്യ ദിനങ്ങളിൽ പ്രേരിപ്പിച്ചത്. വൻകിട മില്ലുകളുടെ നിത്യേനയുള്ള പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ കിട്ടുന്ന വിലക്ക് തേങ്ങയും കൊപ്രയും വാരത്തിന്റെ ആദ്യ പകുതിയിൽ സംഭരിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മില്ലുകാർ സ്‌റ്റോക്കുള്ള എണ്ണ വിറ്റഴിക്കാൻ മത്സരിച്ചത് നിരക്ക് അൽപ്പം കുറച്ചു. കൊപ്രയിപ്പോൾ 12,435 രൂപയിലാണ്. തമിഴ്‌നാട്ടിൽ നാളികേര വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും ഉൽപാദനം കഴിഞ്ഞ  വർഷത്തെ അപേക്ഷിച്ച് കുറയുമെന്നാണ് സൂചന. കൊച്ചിയിൽ വെളിച്ചെണ്ണ വില 18,800 രൂപയിൽ നിന്ന് 18,600 രൂപയായി. 
കുരുമുളകിന് അന്വേഷണങ്ങളെത്തുമെന്ന പ്രതീക്ഷ ഉൽപ്പന്ന വില ഉയർത്തി. വിദേശ ഓർഡറുകളുടെ അഭാവം മൂലം ടെർമിനൽ മാർക്കറ്റിൽ നിന്ന് വിട്ടു കയറ്റുമതിക്കാർ മുളക് ശേഖരിക്കുമെന്ന കണക്ക് കൂട്ടലിലാണ് വ്യാപാരികളും. രാജ്യാന്തര വിപണിയിൽ മുഖ്യ ഉൽപാദന രാജ്യങ്ങൾ പോയവാരം നിരക്ക് ഉയർത്തിയത് ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിരക്ക് വീണ്ടും ഇടിക്കാൻ കഴിഞ്ഞ വാരങ്ങളിൽ ശ്രമം നടത്തിയെങ്കിലും ചൈനയിൽ നിന്നുള്ള ഇറക്കുമതി വാർത്തകൾ രാജ്യാന്തര ബയ്യർമാരെ വിപണിയിൽ പിടിമുറുക്കാൻ പ്രേരിപ്പിച്ചു. വിയറ്റ്‌നാമും ഇന്തോനേഷ്യയും മുളകുമായി രംഗത്തുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിലെ ഇന്ത്യൻ നിരക്ക് ടണ്ണിന് 6000 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 35,700 രൂപയിൽ നിന്ന് 36,400 രൂപയായി. ഗാർബിൾഡ് കുരുമുളക് 38,400 രൂപയായി.
റമദാനിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് അറബ് രാജ്യങ്ങൾ മികച്ചയിനം ചുക്ക് ശേഖരിക്കാൻ രംഗത്തെത്തി. വിദേശ ചുക്കിന്റെ ലഭ്യത ഉയർന്നെങ്കിലും ആഭ്യന്തര വിപണി ശക്തമായ നിലയിലാണ്. ചൈനീസ് ചുക്ക് ഉത്തരേന്ത്യൻ വിപണികളിൽ ലഭ്യമാണ്. അതേ സമയം മികച്ചയിനം ചുക്ക് കൊച്ചിയിലെ കയറ്റുമതിക്കാർ സംഭരിക്കാൻ നടത്തിയ നീക്കം ഉൽപ്പന്നത്തിന് താങ്ങ് പകർന്നു. വിവിധയിനം ചുക്ക് 12,000-14,000 രൂപ.  
കേരളത്തിൽ സ്വർണം ഉയർന്ന റേഞ്ചിൽനിന്ന് താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 23,280 രൂപയിൽനിന്ന് 23,160 ലേക്ക് നീങ്ങി. ഒരു ഗ്രാം സ്വർണത്തിന്റെ വില 2995 രൂപ. സ്വർണത്തിന്റെ രാജ്യാന്തര വില ഔൺസിന് 1345 ഡോളറിൽ നിന്ന് 1314 ഡോളർ വരെ താഴ്‌െന്നങ്കിലും ക്ലോസിങിൽ 1322 ഡോളറിലാണ്. 

Latest News