ജമ്മു- ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാർ മന്ത്രിസഭയുടെ അഴിച്ചുപണിയുടെ ഭാഗമായി പുതിയ ഉപമുഖ്യമന്ത്രിയായി ഇന്ന് ചുമതലയേറ്റ ബി.ജെ.പി നേതാവ് കവിന്ദർ ഗുപ്ത കതുവ പീഡനക്കൊലയെ നിസ്സാര സംഭവമെന്ന് വിശേഷിപ്പിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി. സത്യപ്രതിജ്ഞ ചെയ്തു ഏതാനും മണിക്കൂറുകൾക്കു ശേഷമായിരുന്നു ഇത്. കതുവയിലെ രസാന ഗ്രാമത്തിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലൊളിപ്പിച്ച് ദിവസങ്ങളോളം കൂട്ടബലാൽസംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയത് 'ചെറിയൊരു സംഭവം മാത്രമാണ്. സർക്കാർ ഇതു പോലുള്ള പല വെല്ലുവിളികളും നേരിടുന്നുണ്ട്. രസാന സംഭവത്തിന് വലിയ പ്രാധാന്യം നൽകേണ്ടതില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
കതുവ പീഡനക്കൊലക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ പ്രതികൾക്കു വേണ്ടി രംഗത്തു വരികയും പാർട്ടിക്കെതിരെ രാജ്യവ്യാപകമായി ജനരോഷമുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിസഭയിലെ അഴിച്ചുപണി നടന്നത്. ബാലികയെ തട്ടിക്കൊണ്ടു പോയി മയക്കു മരുന്ന് നൽകി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾക്ക് പരസ്യമായി പിന്തുണയുമായി ബിജെപി എംഎൽഎമാരും മന്ത്രിമാരും നേരത്തെ രംഗത്തു വന്നതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കതുവ കേസ് പ്രതികൾക്കു വേണ്ടി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത ബിജെപി മന്ത്രിമാരായ ലാൽ സിങും ചന്ദർ പ്രകാശ് ഗംഗയും കടുത്ത വിമർശനങ്ങളെ തുടർന്ന് നേരത്തെ രാജിവച്ചിരുന്നു.
നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് നിർമൽ സിങിനെ മാറ്റിയാണ് ആർ എസ് എസ് പശ്ചാത്തലമുള്ള വിന്ദർ ഗുപ്തയെ മെഹ്ബൂബ മുഫ്തി സർക്കാരിലെ രണ്ടാമനായി ബിജെപി നിയോഗിച്ചത്.