മുംബൈ- യൂട്യൂബ് ചാനലിലൂടെ അയല്‍വാസി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി വിധിപറയാന്‍ മാറ്റി. കേസില്‍ ഇടക്കാല ഇളവ് നല്‍കാന്‍ കോടതി വിസമ്മതിച്ചു. സല്‍മാന്‍ ഖാന്റെ ഫാം ഹൗസിന് സമീപം താമസിക്കുന്ന കേതന്‍ കക്കറിനെതിരെ നല്‍കിയ കേസില്‍ സിവില്‍ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
മുംബൈയിലെ മലാട് നിവാസിയായ കേതന്‍ കക്കറിനെതിരെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. പന്‍വേലില്‍ സല്‍മാന്റെ ഫാംഹൗസിന് സമീപം കേതന് സ്ഥലമുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കേതന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തനിക്കെതിരെ ഇത്തരം നിരവധി പോസ്റ്റുകള്‍ ഇട്ടെന്നും അത് പ്രകോപനപരവും അപമാനകരവുമാണെന്ന് സല്‍മാന്‍ ആരോപിക്കുന്നു. ഷോയുടെ ഭാഗമായ മറ്റ് രണ്ട് പേരെയും ഇതേ കേസില്‍ കക്ഷികളാക്കി.
ഇതിന് പുറമെ ഗൂഗിള്‍, യൂട്യൂബ്, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ കമ്പനികളെയും കക്ഷിചേര്‍ത്തു. എന്നാല്‍ സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കേതന്‍ കക്കറിറിന്റെ ആരോപണം. കേസില്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പോലും സല്‍മാന്‍ ഖാന് ഇളവ് ലഭിച്ചിരുന്നില്ല.