Sorry, you need to enable JavaScript to visit this website.

ഡീസലിനെ പേടിച്ച് മോഡി; എന്തും സംഭവിക്കാം

ന്യൂദല്‍ഹി- പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പും വരുന്നതിനു മുമ്പ് ഡീസലിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌തേ തീരൂവെന്ന് കേന്ദ്ര സര്‍ക്കാരിലും ബി.ജെ.പിയിലും സമ്മര്‍ദം ശക്തമായി. അടുത്ത വര്‍ഷമാണ് പൊതുതെരഞ്ഞെടുപ്പ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെങ്കിലും അത് സ്ഥാപിച്ച റെക്കോര്‍ഡ് വിലയുടെ പകുതി പോലും എത്തിയിട്ടില്ല. എണ്ണ വിലയിടിവിന്റെ സുഖം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉപഭോക്താക്കള്‍ ആസ്വദിച്ചിട്ടും ഇന്ത്യക്കാര്‍ക്ക് അതിന്റെ ഭാഗ്യം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ വില കുത്തനെ കൂടിയിരിക്കയാണ്. പെട്രോള്‍ വിലയും മിക്ക നഗരങ്ങളിലും റെക്കോര്‍ഡ് നിലയിലാണ്. 
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പുറമെ, വരും മാസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ എണ്ണ വിലയുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ പോലും മോഡി സര്‍ക്കാര്‍ മുതിര്‍ന്നേക്കാം. അത്രമേലാണ് സമ്മര്‍ദം.
ഇന്ധനവില വര്‍ധനയില്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൂചനയുണ്ട്. ഒരാഴ്ചയായി എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ആഗോള വിപണിയില്‍ എണ്ണ വിലവര്‍ധിച്ചെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എണ്ണ വില കൂട്ടരുതെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 
ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ നല്‍കിവന്നിരുന്ന സബ്‌സിഡി 960 കോടി ഡോളറിലെത്തിയപ്പോഴാണ് 2014 ല്‍ കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചത്. 
നിലവില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില നിശ്ചയിക്കുന്നത് സങ്കീര്‍ണമായ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ്. 
വിലവര്‍ധനയുടെ ഭാരം മുഴുവന്‍ ഉപഭോക്താക്കളിലേക്ക് നല്‍കാതെ അല്‍പം സ്വയം വഹിക്കാന്‍ എണ്ണ വിപണിയിലെ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കയാണ്. 

Latest News