ഗള്‍ഫിലെ പ്രവാസികളില്‍ നല്ലൊരു പങ്കും വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ പ്രഭാത ഭക്ഷണം കഴിക്കാറില്ല. അലാറം വെച്ച് രാവിലെ ഏഴിന് എഴുന്നേറ്റ് എട്ട് മണിക്ക് ജോലിയ്‌ക്കെത്താനുള്ള മരണപാച്ചിലിനിടയില്‍ ഇതിനൊക്കെ എവിടെ നേരമെന്നാണ് പലരുടേയും ചോദ്യം.
എല്ലാ തിരക്കും കഴിഞ്ഞ് രാത്രി പത്തിന് ശേഷം മലയാളികളുടെ ദേശീയ ഭക്ഷണായ പൊറോട്ടയും ബീഫും ഇഷ്ടം പോലെ അകത്താക്കും. എന്നിട്ട് കമ്പിളി പുതപ്പും മൂടി എയര്‍കണ്ടീഷണറിന്റെ താരാട്ടും കേട്ട് ഒറ്റ ഉറക്കം. ശരീരത്തിന് ഏറ്റവും ആഹാരം ആവശ്യമുള്ള സമയത്ത് അതൊഴിവാക്കുകയാണ് പലരും. ഇത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പതിവായി പ്രാതല്‍ ഉപേക്ഷിക്കുന്നവരില്‍ കുട വയറിനും തടി കൂടാനും സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പുതിയ പഠനങ്ങളിലും കണ്ടെത്തി. സമയനിഷ്ഠയില്ലാതെ പ്രഭാത ഭക്ഷണം കഴിക്കുന്നവരില്‍ കൊഴുപ്പു കൂടാനും പൊണ്ണ തടിക്കും കാരണമാകുന്നു. പ്രാതല്‍ തീരെ ഒഴിവാക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യത കൂടുതലാണെന്നാണ് യു.എസ് മയോ ക്ലിനിക്കിലെ ഗവേഷകന്‍ കെവിന്‍ സ്മിത്ത് കണ്ടെത്തിയത്. 2005 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 347 ആളുകളുടെ പ്രഭാത ഭക്ഷണ ശീലത്തെ കുറിച്ച് പഠനം നടത്തിയതില്‍ നിന്നാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുളളത്. ആഴ്ച്ചയില്‍ അഞ്ചോ ഏഴോ തവണ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവരെക്കാള്‍ വയറിന്റെ അളവ് 9.8 സെ.മി കൂടുതലായിരിക്കും പ്രാതല്‍ ഉപേക്ഷിക്കുന്നവരില്‍ എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് വാരി വലിച്ച് ഭക്ഷണം കഴിച്ചില്ലെങ്കിലും ബ്രേക്ക് ഫാസ്റ്റ് പ്രധാനമാണെന്ന് മനസ്സിലാക്കുന്നത് പ്രവാസികള്‍ക്ക് ഗുണം ചെയ്യും.