മുംബൈ- ഹിന്ദി സിനിമയില്‍ ശ്രദ്ധേയയായ താരമാണ് അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍. സഞ്ജയ് ബന്‍സാലി ചിത്രമായ സാവരിയയിലൂടെ അരങ്ങേറിയ താരം ഐ ഹേറ്റ് ലവ് സ്‌റ്റോറീസ്, ഭാഗ് മിഖാ ഭാഗ്, സഞ്ജു എന്നിങ്ങനെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ്. മേക്കപ്പില്ലാത്ത തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പലപ്പോഴും സോനം കപൂര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ മെറ്റേണിറ്റി ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് 13 വയസ്സുള്ളപ്പോള്‍ സംഭവിച്ച കാര്യമാണ് നടി പറഞ്ഞത്. സിനിമാ തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോള്‍ ഒരാള്‍ പുറകില്‍ നിന്നും തന്റെ മാറില്‍ പിടിച്ചുവെന്നും ആ സമയത്ത് താന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി എന്നും താരം പറയുന്നു.താരത്തിന്റെ തുറന്ന് പറച്ചില്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു. ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറയാനുള്ള ധൈര്യത്തെ പലരും പ്രശംസിക്കുകയും ചെയ്തു. ഇത്തരം തുറന്ന് പറച്ചിലുകള്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ മോശം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രചോദനമാകുമെന്ന് ആരാധകര്‍ പറയുന്നു.