ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ച ഉനയിലെ ദളിത് കുടുംബങ്ങള്‍ ബുദ്ധ മതം സ്വീകരിക്കുന്നു

രാജ്‌കോട്ട്- ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ 2016ല്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിനിരയായ ദളിത് ഗ്രാമീണര്‍ ഒന്നടങ്കം ബുദ്ധ മതം സ്വീകരിക്കാനൊരുങ്ങുന്നു. ദളിതരായതിന്റെ പേരില്‍ കടുത്ത വിവേചനം നേരിടേണ്ടിവരുന്നതിനാലാണ് മതപരിവര്‍ത്തനമെന്ന് ഇവര്‍ പറയുന്നു. ബുദ്ധ പൂര്‍ണിയ ദിനമായ ഞായറാഴ്ച സംഘടിപ്പിക്കുന്ന പരിപാടിയില്‍ പരസ്യമായി മത പരിവര്‍ത്തനം നടത്താനാണ് ഇവര്‍ തയാറെടുക്കുന്നത്. ചത്ത പശുക്കളുടെ ജഡത്തില്‍ നിന്നും തൊലിയുരിഞ്ഞെടുത്ത ഏഴു ദളിതര്‍ക്കെതിരെ ഗോരക്ഷാ ഗുണ്ടകള്‍ അഴിച്ചു വിട്ട ആക്രമണം ഗുജറാത്തില്‍ വന്‍ ദളിത് പ്രക്ഷോഭത്തിന് വഴിമരുന്നിട്ടിരുന്നു. 

തങ്ങള്‍ക്കെതിരെ കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നതെന്ന് ഈ ആക്രമണത്തിനിരയാക്കപ്പെട്ടവരുടെ മുഖമായി മാറിയ ബാലു സര്‍വയ്യ പറയുന്നു. 'ഞങ്ങള്‍ ഹിന്ദു വിശ്വാസികളാണ്. പക്ഷെ ഞങ്ങള്‍ ദളിതരായതിനാല്‍ ഹിന്ദുക്കളല്ലെന്നാണ് ആക്രമികള്‍ പറയുന്നത്. ഇനി ഇത് സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങളുടെ സമുദായത്തില്‍ പരിവര്‍ത്തനം ആവശ്യമാണ്. അതുകൊണ്ടാണ് ബാബാസാഹബ് അംബേദ്കര്‍ നിര്‍ദേശിച്ചതും പോലെ ബുദ്ധ മതത്തിലേക്കു മാറാന്‍ ഞങ്ങള്‍ തീരുമാനിച്ചത്,' സര്‍വയ്യ പറയുന്നു. ബുദ്ധ മതം സ്വീകരിക്കുന്നുവെന്നതിനര്‍ത്ഥം ഞങ്ങള്‍ മറ്റു മതങ്ങളോടോ സമുദായങ്ങളോടോ വിവേചനം കാണിക്കുന്നുവെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍വയ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മോട്ട സമാധിയാല ഗ്രാമത്തില്‍ ധര്‍മദിക്ഷ മഹോത്സവ എന്ന പേരില്‍ മതപരിവര്‍ത്തന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 550 പേര്‍ ബുദ്ധ മതത്തിലേക്ക് മാറാന്‍ അനുമതി തേടി ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കാന്‍ തയാറായിട്ടുണ്ട്. ഇവരുടെ അപേക്ഷ ജില്ലാ മജിസ്‌ട്രേറ്റിനു സമര്‍പ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. 

പശുക്കളുടെ ജഡത്തില്‍ നിന്നും തൊലിയുരിഞ്ഞ് ഉപജീവനം കണ്ടെത്തുന്ന ദളിതരേയാണ് സംഘപരിവാര്‍ പിന്തുണയുള്ള ഗോരക്ഷാ ഗുണ്ടകള്‍ ഉനയില്‍ ആക്രമിച്ചത്. ദേശീയ തലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തില്‍ ഏഴു ദളിതരെ ആക്രമികള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും തെരുവിലൂടെ നടത്തിക്കുകയുംച ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും നാലു പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഉനയിലെ കോടതിയില്‍ കേസ് വിചാരണ നടന്നുവരികയാണിപ്പോള്‍.
 

Latest News