ലഖ്‌നൗ- മദ്യപാന ശീലത്തില്‍ സാമുദായിക കണക്കു പറഞ്ഞ യുപി മന്ത്രി ഓം പ്രകാശ് രാജ്ഭറിനെതിരെ പ്രതിഷേധക്കാര്‍ മുട്ടയും തക്കാളിയും എറിഞ്ഞു. ബിഹാറില്‍ നടപ്പിലാക്കിയതു പോലെ ഉത്തര്‍ പ്രദേശിലും സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട മന്ത്രി ഒരു പടി കൂടി കടന്ന് സംസ്ഥാനത്ത് മദ്യപാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് രജപുത്ര, യാദവ സമുദായങ്ങളാണെന്നും ഇത് ഇവരുടെ പാരമ്പര്യമാണെന്നു കൂടി പറഞ്ഞതാണ് ഒരു വിഭാഗം ജനങ്ങളെ പ്രകോപിതരാക്കിയത്. പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ ലഖ്‌നൗവിലെ മന്ത്രിയുടെ വീട് മുട്ടയും തക്കാളിയുമെറിഞ്ഞ് വൃത്തികേടാക്കി. വീടിനുപുറത്തെ ബോര്‍ഡും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
വാരാണസില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. രാജ്ഭര്‍ സമുദായം മദ്യപിക്കും. ചൗഹാന്‍, ലോഹാര്‍, കുംഹാര്‍ തുടങ്ങി എല്ലാ സമുദായക്കാരും മദ്യപിക്കും. ഇതുകൊണ്ടുള്ള വിപത്ത് അമ്മമാരോടും പെണ്‍മക്കളോടും ചോദിച്ചാല്‍ മതി. മദ്യാപാനികള്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഇവരോടു ചോദിക്കണം, മന്ത്രി പറഞ്ഞു. തനിക്കീ വേദന മനസ്സിലാകുമെന്നും കഴിഞ്ഞ 15 വര്‍ഷമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നയാളാണ് താനെന്നും മന്ത്രി പറഞ്ഞു.
യുപിയില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിയും സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി മേധാവിയായ ഓം പ്രകാശ് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയാണ്.