മുംബൈ- ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ബോഡി ഡബിള്‍ സാഗര്‍ പാണ്ഡേ(50) കുഴഞ്ഞ് വീണു മരിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലാണ് സാഗര്‍ കുഴഞ്ഞ് വീണത്. ഉടനെ തന്നെ മുംബൈയിലെ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയര്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ സല്‍മാന്‍ ഖാന്റെ ബോഡി ഡബിളായി പ്രവര്‍ത്തിച്ചിട്ടുള്ള സാഗറിന്റെ മരണവാര്‍ത്ത ഷാരൂഖ് ഖാന്റെ സ്റ്റണ്ട് ഡബിളായ പ്രശാന്ത് വാല്‍ഡെയാണ് പുറത്തു വിട്ടത്. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ സാഗര്‍ പാണ്ഡേ സല്‍മാന്‍ ഖാന്റെ പഴയകാല ചിത്രമായ കുഛ് കുഛ് ഹോതാ ഹേയിലൂടെയാണ് ബോഡി ഡബിളായി അരങ്ങേറ്റം കുറിച്ചത്. ദബാംഗ്, ട്യൂബ് ലൈറ്റ്, ബജ്‌രംഗി ഭായിജാന്‍ അടക്കം അമ്പതോളം ചിത്രങ്ങളില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാഗര്‍ പാണ്ഡേയുടെ വിയോഗത്തില്‍ സല്‍മാന്‍ ഖാനും അനുശോചനമറിയിച്ചു.