ജക്കാര്‍ത്ത-ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 മരണം. ഇന്തോനേഷ്യയില്‍ കിഴക്കന്‍ ജാവ പ്രവിശ്യയിലാണ് സംഭവമുണ്ടായത്. 180ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. മത്സരത്തിനുശേഷം കാണികള്‍ സ്റ്റേഡിയത്തില്‍ ഇരച്ച് എത്തിയതിനു പിന്നാലെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതാണ് ദുരന്തത്തിനു കാരണമായത്. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം. പെര്‍സെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറിയത്. കാണികളെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടത്.
മത്സരശേഷം നടന്ന കലാപമാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് പോലീസ് പറയുന്നത്. ഉദ്യോഗസ്ഥരെ കാണികള്‍ ആക്രമിച്ചെന്നും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തെന്നും ആരോപിച്ചു. 34 പേര് സ്റ്റേഡിയത്തിനുള്ളില്‍ വച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.