ബോളിവുഡിലെ മൂന്ന് താര സുന്ദരിമാരായ കരീന കപൂര്‍, സോനം കപൂര്‍, സ്വരഭാസ്‌കര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം വീരേ ദി വെഡ്ഡിങ് ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വവാദികളുടെ കാമ്പയിന്‍. ജൂണിലാണ് പടത്തിന്റെ റിലീസ്. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് ജിഹാദികളാണെന്നും അതുകൊണ്ടാണ് ഇവര്‍ കത്വ സംഭവത്തില്‍ അപലചിച്ചതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബോയ്‌കോട്ട് വീരേ ദെ വെഡ്ഡിങ് എന്ന് ട്വിറ്ററില്‍ ഹാഷ് ടാഗ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കത്വയില്‍ ബാലിക കൂട്ടബലാത്സംഗത്തില്‍
താരസുന്ദരിമാര്‍ പ്രതിഷേധിച്ച രീതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ വമ്പന്‍ ഹേറ്റ് ക്യാംപയിനിങ്ങാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. ഇവര്‍ ഹിന്ദു വിരുദ്ധരാണെന്നും നടിമാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഇവര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള നിശബ്ദ പ്രതിഷേധമാണ് നടത്തിയത്. വീരേ ദി വെഡ്ഡിങ് നാലാം കിട ചിത്രമാണെന്ന് വരെ ചിലര്‍ ആരോപിക്കുന്നുണ്ട്. റിലീസിന് മുമ്പേ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സോനം കപൂര്‍, കരീന കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ ബി ഗ്രേഡ് നടിമാരാണെന്നും ഇവര്‍ പറയുന്നു.
കത്വയിലെ സംഭവം വര്‍ഗീയവല്‍ക്കരിക്കുകയാണെന്ന ഹിന്ദുത്വവാദികളുടെ ആരോപണം പച്ചക്കള്ളമാണ്. ക്രൂരമായ എല്ലാ ബലാത്സംഗങ്ങളിലും രാജ്യം ഒന്നടങ്കം പ്രതിഷേധിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. നിര്‍ഭയയെ ദില്ലിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ വമ്പന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഹിന്ദുവാണോ എന്ന് നോക്കാതെയാണ് അന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. അന്ന് സോനവും സ്വരയും കരീനയും എല്ലാവരും ആ സംഭവത്തെ അപലപിച്ചിരുന്നു.
സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഇത് ആദ്യമായല്ല ബോളിവുഡിനെ തേടിയെത്തുന്നത്. നേരത്തെ ഷാരൂഖ് ഖാനും ആമിര്‍ ഖാനും വരെ ഇതിന്റെ ഇരകളായിട്ടുണ്ട്. ഇന്ത്യയില്‍ കടുത്ത രീതിയിലുള്ള അസഹിഷ്ണുതയുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. താരത്തിന്റെ ദില്‍വാലേ എന്ന ചിത്രത്തിനെതിരെ വ്യാപക പ്രചാരണവും ബോധപൂര്‍വം സിനിമ കാണാന്‍ വരാതിരിക്കുന്ന പ്രവണതയും ഇതിനെ തുടര്‍ന്നുണ്ടായി. ആമിര്‍ ഖാനും ഇത് തന്നെ പറഞ്ഞപ്പോള്‍ സ്‌നാപ് ഡീലിന്റെ പരസ്യത്തില്‍ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. കരീനയോട് വിദ്വേഷം കൂടാന്‍ വേറെയും കാരണമുണ്ട്. സെയ്ഫ് അലി ഖാന്റെ ഭാര്യയെന്നത് ഒട്ടും ദഹിക്കുന്നില്ല. ദമ്പതികള്‍ അവരുടെ കുഞ്ഞിന് തൈമൂര്‍ എന്ന് പേരിട്ടത് വല്ലാതെ ചൊടിപ്പിക്കുകയും ചെയ്തു.