Sorry, you need to enable JavaScript to visit this website.

ചെറുതല്ല, ചെറു ധാന്യങ്ങൾ

ഇന്ത്യയിൽ ഓരോ  സംസ്ഥാനത്തിനും  അവരവരുടെ രുചിക്കും ഇഷ്ടങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസൃതമായ പലതരത്തിലുള്ള ഭക്ഷ്യവിളകൾ ആണ് കൃഷി ചെയ്യുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ ഗോതമ്പ് ഉപയോഗിക്കുമ്പോൾ തെക്കൻ സംസ്ഥാനങ്ങളിൽ അരിയാണ് പ്രധാന ധാന്യമായി ഉപയോഗിക്കുന്നത്. പരമ്പരാഗത  ധന്യങ്ങളായ  മില്ലെറ്റുകൾ അഥവാ ചെറുധാന്യങ്ങൾ പുല്ല് വർഗ്ഗത്തിൽ പെടുന്ന ധാന്യങ്ങൾ ആണ്. കാണാൻ ചെറുവിത്തുകൾ പോലെയാണ്. വളരെ എളുപ്പത്തിൽ കൃഷി ചെയ്യുവാനും താരതമ്യേന വരണ്ട കാലാവസ്ഥയിൽ ഫലഭൂയിഷ്ഠമായി  കൃഷിചെയ്യാൻ ആകുന്നതുമാണ്.വളരെ കുറഞ്ഞ സമയം കൊണ്ട് കൃഷി ചെയ്യാവുന്ന മില്ലറ്റിന് അധികം ജലം ആവശ്യമില്ല എന്നത് കർഷകർക്ക് ഏറെ ആശ്വാസകരമാണ്. ലോകത്തെ ഏറ്റവും കൂടുതൽ ചെറു ധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജനങ്ങൾക്കിടയിൽ ഇവയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ട്.

മില്ലെറ്റുകൾ തവിടോടുകൂടിയ ധാന്യങ്ങൾ ആയതിനാൽ നാരിന്റെ അംശം കൂടുതൽ ആണ്. മാംസ്യം, വിറ്റാമിനുകൾ, മിനറലുകളുടെയും കലവറയായത്‌കൊണ്ട്  ഇവയെ സൂപ്പർ ഫുഡ് ആയി  കണക്കാക്കുന്നു.

പോഷകാഹാരക്കുറവ്  പരിഹരിക്കുന്നതിന് രാജ്യത്ത് വിവിധ ബോധൽക്കരണ പരിപാടികൾ  സംഘടിപ്പിച്ചു വരുന്നു.

 നമ്മുടെ രാജ്യം നേരിടുന്ന അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് പോഷകാഹാരക്കുറവ്  എന്ന് മനസ്സിലാക്കിയാണ് നമ്മുടെ  പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം  സെപ്റ്റംബർ മാസം പോഷൻ മാഹ് അഥവാ  പോഷകാഹാര മാസമായി ആചരിക്കുന്നത് (National Nutrition month).
 കേന്ദ്ര സർക്കാറിന്റെ പോഷക അഭിയാൻ പദ്ധതിയിൽ സ്ത്രീകളും  ആരോഗ്യവും, കുട്ടികളും വിദ്യാഭ്യാസവും, ശുദ്ധജല ലഭ്യത ഉറപ്പാക്കുക അതു വഴി വയറിളക്കം പോലുള്ള രോഗ വ്യാപനം തടയുക. പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞു അവയുടെ ഉപയോഗം വർധിപ്പിക്കുക. പ്രത്യേകിച്ച് ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും പോഷക സമൃദ്ധമായ ഭക്ഷ്യ വിഭവങ്ങളെ കുറിച്ച് ബോധവത്കരിക്കുക.
തുടങ്ങിയവയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ ചെറിയ കുട്ടികളിലെയും ഗർഭിണികളിലെയും പോഷകാഹാര കുറവ്, അവരിൽ ശാരീരിക-മാനസിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് അംഗനവാടികൾ വഴി സമീകൃതാഹാരം എന്ന യത്‌നം ആരംഭിച്ചത്. 

2023 International year of millets (ചെറു ധാന്യ വർഷം)ആയി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുകയാണ്.
മില്ലെറ്റ്‌സ് അഥവാ ചെറുധാന്യകളായ  തിന, റാഗി, കൂവരക്, ചാമ,കമ്പ്, മണിച്ചോളം, വരഗ്,കവട പുല്ല് , പനി വരഗ് എന്നിവ പോഷക സമൃദ്ധവും പാരമ്പരഗതമായി നാം ഉപയോഗിച്ചു കൊണ്ടിരുന്നവയുമാണ്. മില്ലെറ്റുകൾ കൊണ്ട് നമുക്ക് പോഷക സമൃദ്ധമായ പലതരം പലഹാരങ്ങളും,  കുറുക്കുകളും, സൂപ്പുകളും ഉണ്ടാക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ വ്യാപകമായ ബേക്കറി പലഹാരങ്ങളിൽ നിന്നും എണ്ണ കടികളിൽനിന്നും മാറി ആരോഗ്യദായകമായ പലഹാരങ്ങളിലേക്കുളള മാറ്റവുമാകാം.

 നാരുകൾ ധാരാളമടങ്ങിയ മില്ലറ്റുകൾ കൊണ്ടുള്ള ഇത്തരം ഭക്ഷണങ്ങൾ വളരെ കുറഞ്ഞ അളവിൽ ഭക്ഷിച്ചാൽ തന്നെ  ശരീരത്തിന് ആവശ്യമായ ഊർജവും പോഷകങ്ങളും ധാരാളമായി ലഭിക്കുന്നതാണ്. ഗ്ലൈ സീമിക് ഇൻഡക്‌സ് (GI) വളരെ കുറവാണ് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കാൽസ്യം സമ്പുഷ്ടമായ മുത്താറി അഥവാ റാഗി കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മുതിർന്നവർക്കും ഒരുപോലെ പ്രാധാന്യം ഉള്ളതാണ്. കാൽസ്യത്തിന് പുറമെ ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, മഗ്‌നീഷ്യം, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ. എസ്സൻഷ്യൽ അമിനോ ആസിഡുകൾ,  അപൂരിത കൊഴുപ്പുകൾ എന്നിവ slow diagestable starch ( SDM), resistant starch എന്നിവ അടങ്ങിയ ചെറു ധാന്യങ്ങൾ അമിത വണ്ണമുള്ളവർക്ക് ഒരു നേരത്തെ ആഹാരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ജീവിത ശൈലിരോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവക്ക് ഉത്തമമാണ്.

വരക് പോലുള്ള ചെറു ധാന്യങ്ങൾ ഗ്‌ളൂട്ടൻ ഫ്രീ ആയത് കൊണ്ട്   സിലിയാക് ഡിസീസ് (Celiac disease)പോലുള്ള ഉദര രോഗമുള്ളവർക്ക് വളരെ ഉത്തമമാണ്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ചെറു ധാന്യങ്ങൾ നമ്മുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യമുള്ള ജനതയെയും ആരോഗ്യമുള്ള രാജ്യത്തെയും വാർത്തെടുക്കുവാൻ അനുയോജ്യമാണ്.

(കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ സീനിയർ ഡയറ്റീഷ്യൻ ആന്റ് ഡയബറ്റിക് എജുക്കേറ്ററാണ് ലേഖിക)
 

Latest News