പാലക്കാട്- സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് പാലക്കാട് നഗരസഭയിലെ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായില്ല. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണിത്. എട്ട് അംഗങ്ങളുളള ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും മൂന്നും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ അഞ്ച് അംഗങ്ങളുടെ പിന്തുണവേണം. എന്നാൽ ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവയാതോടെ നാല് വോട്ട് മാത്രമേ യു.ഡി.എഫിന് ലഭിച്ചുള്ളൂ. ബി.ജെ.പിയുടെ നാല് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. മരാമത്ത്, വികസനം, ആരോഗ്യം, ക്ഷേമം സ്ഥിരസമിതി അംഗങ്ങൾക്കെതിരെയായിരുന്നു അവിശ്വാസം. ബി.സുഭാഷ്, എം. മോഹൻ ബാബു, കെ. മണി, വി. മോഹനൻ എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്.
നഗരസഭയിലെ 52 അംഗങ്ങളിൽ ബി.ജെ.പിക്ക് 24, യു.ഡി.എഫിന് 18, എൽ.ഡി.എഫ് ഒൻപത്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.