ബെംഗളൂരു- ബൈക്കില്‍ ഒന്നിച്ചു സഞ്ചരിച്ചതിന് യുവതിക്കും യുവാവിനുമെതിരെ സദാചാര ആക്രമണം. ബെംഗളൂരു ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്ന കാരണത്താലാണ് ഒരുകൂട്ടം ആളുകള്‍ ഇവരെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. ഇതര മതസ്ഥനായ യുവാവിനൊപ്പം പെണ്‍കുട്ടി ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര ഗുണ്ടകളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപുര് സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം, യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഇതു നല്‍കാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളെല്ലാം ഇതേ സംഘത്തിലെ ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇവര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ദൊഡ്ഡബെല്ലാപുര് നഗര്‍ പൊലീസ് കേസെടുത്തു. അക്രമങ്ങള്‍ക്കു നേതൃത്വം നല്കിയ അക്ബര്‍ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.