കൊച്ചി- മലയാളത്തില്‍ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളില്‍ ഒരാളാണ് സിജു വില്‍സണ്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ സിജുവിനായി. മലര്‍വാടി ആര്‍ട്‌സ് ക്ലബില്‍ ചെറിയ വേഷത്തിലൂടെയാണ് സിനിമയിലേക്ക് വന്നതെങ്കിലും പിന്നീട് മികച്ച വേഷങ്ങളിലൂടെ മുന്നേറിയ താരം കൂടിയാണ് സിജു. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങാണ് സിജു വില്‍സണ് കൂടുതല്‍ ശ്രദ്ധ നേടി കൊടുത്ത വേഷം. പിന്നീട് പല ചിത്രങ്ങളിലായി സിജു മലയാളത്തില്‍ ഉണ്ടെങ്കിലും വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടിലാണ് സിജു ഒരു മികച്ച വേഷത്തിലെത്തിയത്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതിനിടയില്‍ തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫലം വ്യക്തമാക്കിയിരിക്കുകയാണ് സിജു വില്‍സണ്‍. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബിന് 2500 രൂപയാണ് തനിക്ക് കിട്ടിയ പ്രതിഫലം എന്നായിരുന്നു സിജു വില്‍സണ്‍ വ്യക്തമാക്കിയത്. അന്ന് മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ആദ്യ പരസ്യം അയച്ച് തന്നത് അല്‍ഫോണ്‍സ് പുത്രനാണ്. പങ്കെടുത്തപ്പോള്‍ ആദ്യ തവണ തന്നെ സെലക്ഷന്‍ കിട്ടി. ചെറിയ സീനായിരുന്നെങ്കിലും രണ്ട് ഡയലോഗും ഉണ്ടായിരുന്നതായി താരം പറയുന്നു. 24ല്‍ അധികം സിനിമകളില്‍ ഇതിനോടകം സിജു അഭിനയിച്ചിട്ടുണ്ട്. സാറ്റര്‍ഡേ നൈറ്റാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ചിത്രം.