ജീവിതത്തിലെ കഷ്ടപ്പാടുകള്‍ തുറന്നു പറഞ്ഞ് ചാര്‍മിള. ഒരു കാലത്തു മലയാളത്തിലെ മുന്‍നിര നായികയായിരുന്നു ചാര്‍മിള. 90 കളുടെ തുടക്കത്തില്‍ ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം? പ്രണയ പരാജയവും വിവാഹമോചനവുമൊക്കെ വിവാദ നായികയാക്കി മാറ്റി.
മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്. അമ്മ കിടപ്പിലാണ്. ഷൂട്ടിങിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറഞ്ഞു.
ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാര്‍മിള പറയുന്നു. മകന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്-ചാര്‍മിള പറയുന്നു. രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു ശേഷം തനിക്കായിരുന്നു നഷ്ടങ്ങളെല്ലാം. സാലിഗ്രാമത്തിലുണ്ടായിരുന്ന ഫ്‌ളാറ്റ് വില്‍ക്കേണ്ടി വന്നു. ചെന്നൈയിലെ വിരുഗംപാക്കത്ത് പണയത്തിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.