കോഴിക്കോട്- കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. മറ്റൊരു നടി അക്രമി എന്ന് കരുതുന്നയാള്‍ക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
നടിയുടെ പോസ്റ്റില്‍നിന്ന്:
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്ന ഒരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളരാണോ നമ്മുടെ ചുറ്റുമുള്ളവര്‍. പ്രമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നുമുണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്നുണ്ടായത്. എന്റെ കൂടെയുണ്ടായ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവമുണ്ടായി. അവര്‍ അതിനു പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ നിന്നുകൊണ്ട് ചോദിക്കുകയാണ് തീര്‍ന്നോ നിന്റെ ഒക്കെ അസുഖം.