ന്യൂദൽഹി- സെഡാൻ വിഭാഗത്തിൽ ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായുന്ന എല്ലാ കാറുകൾക്കും വലിയ വെല്ലുവിളി ഉയർത്തി ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഏറ്റവും പുതിയ തുറുപ്പ് ചീട്ടായ യാരിസ് അവതരിപ്പിച്ചു. പലരാജ്യങ്ങളിലും താരമായ യാരിസ് അടുത്ത മാസം മുതൽ രാജ്യത്തുടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകൾ വഴി വിൽപ്പനയാരംഭിക്കും. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. അടിസ്ഥാന വേരിയന്റിന് 8.75 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയർന്ന വേരിയന്റിന് 14.07 ലക്ഷം രൂപയുമാണ് എക്‌സ് ഷോറും വില.
ഈ വർഷത്തെ ദൽഹി ഓട്ടോ എക്‌സ്‌പോയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരുന്ന യാരിസ് ബേബി കൊറോള എന്ന ഓമനപ്പേരിൽ ഇന്ത്യൻ കാർ പ്രേമികളുടെ മനം കവർന്നു കഴിഞ്ഞു. ടെസ്റ്റ് െ്രെഡവ് റിപ്പോർട്ടുകളും വിശകലനങ്ങളും യാരിസിനു മികച്ച മാർക്കാണ് നൽകിയിരിക്കുന്നത്. മാരുതി സുസുക്കിയുടെ സിയസ്, ഹോണ്ട സിറ്റി, ഹുണ്ടെയ് വെർന എന്നിവരോടാണ് യാരിസിന് മത്സരിക്കാനുള്ളത്. ടൊയോട്ട എന്ന കരുത്തൻ ബ്രാൻഡിന്റെയും സ്വന്തം സൽപ്പേരിന്റേയും ബലത്തിൽ യാരിസ് ഇവയെ പിന്നിലാക്കി മുന്നേറുമെന്നും പ്രവചനമുണ്ട്.
ഈ ഗണത്തിലെ മികവുറ്റ ഫീച്ചറുകർ, യാത്രാ സുഖം, ഉന്നത ഗുണനിലവാരം, മികച്ച പ്രകടനം എന്നിവയാണ് യാരിസിനെ വേറിട്ടു നിർത്തുന്നതെന്നും ഇന്ത്യയിലുടനീളം യാരിസിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ടൊയോട്ട കിർലോസ്‌കർ മോട്ടാർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ പറയുന്നു. എല്ലാ ഡീലർഷിപ്പുകളിലും യാരിസ് എത്തിയിട്ടുണ്ട്. പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക് വിഭാഗങ്ങളിലായി നാലു വീതം വേരിയന്റുകളാണ് യാരിസിനുള്ളത്. ഓട്ടോമാറ്റിക് അടിസ്ഥാന വേരിയന്റിന് വില 9.95 ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന് മാന്വൽ വേരിയന്റിന് 12.85 ലക്ഷം രൂപയും.