ലഖ്‌നൗ- ഉത്തർപ്രദേശിൽ പാമ്പ് കടിയേറ്റ യുവതി ചാണക ചികിത്സക്ക് ഇരയായതിനെ തുടർന്ന് മരിച്ചു. പാമ്പ് കടിയേറ്റ യുവതിയെ പാമ്പാട്ടിയുടെ നിർദ്ദേശപ്രകാരമാണ് ശരീരമാസകലം ചാണകം കൊണ്ട് മൂടിയത്. ഏതാനും സമയത്തിനകം യുവതി മരിക്കുകയും ചെയ്തു. ബുലന്ദ്ഷഹറിലെ കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് 35കാരിയായ ദേവേന്ദ്രിക്ക് പാമ്പ് കടിയേറ്റത്. ഉടൻ ഇവർ വിവരം ഭർത്താവിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പാമ്പാട്ടിയാണ് യുവതിയെ ചാണകത്തിൽ മൂടാൻ നിർദ്ദേശിച്ചത്.
ഡോക്ടറുടെ അടുത്തേക്ക് പോകാൻ സമ്മതിച്ചില്ല. യുവതിയെ ചാണകത്തിൽ മൂടിയ ശേഷം ചില മന്ത്രങ്ങളും ഇവർ ഉച്ചരിക്കുന്നുണ്ടായിരുന്നു. പിന്നീട് ചാണകം മാറ്റി യുവതിയെ പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു.