ന്യൂദല്‍ഹി- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ആഭ്യന്തര തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ ഐക്യ ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ സോണിയ നേതാക്കളോട് നിര്‍ദേശിച്ചു. രണ്ടു നേതാക്കളും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് തീരുമാനമെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
നമുക്ക് ബി.ജെ.പിയെ നീക്കം ചെയ്ത് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്. അതിനായി ബിഹാറില്‍ ബി.ജെ.പിയെ ഇല്ലാതാക്കിയത് പോലെ എല്ലാവരും ഒന്നിക്കണം. ഞങ്ങള്‍ സോണിയയുമായി സംസാരിച്ചു. 10-12 ദിവസങ്ങള്‍ക്ക് ശേഷം പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുത്തതിന് ശേഷം വീണ്ടും കാണാമെന്ന് അവര്‍ അറിയിച്ചു-കൂടിക്കാഴ്ചക്ക് ശേഷം ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ഇല്ലാതെ ഒരു സഖ്യമില്ലെന്നും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ അവര്‍ മുന്നില്‍ തന്നെയാണെന്നും ലാലു കൂട്ടിച്ചേര്‍ത്തു. അഞ്ചു വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ആര്‍.ജെ.ഡി- ജെ.ഡി.യു-കോണ്‍ഗ്രസ് മേധാവികള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്.