നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി(എ.എസ്.ക്യൂ ) അവാര്‍ഡ് 2022 കരസ്ഥമാക്കി . കോവിഡ് കാലത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ 'മിഷന്‍ സേഫ്ഗാര്‍ഡിംഗ്' എന്ന പദ്ധതിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ അവാര്‍ഡിന് അര്‍ഹമാകുന്നതിന് സഹായകരമായത്. കോവിഡ് അതിരൂക്ഷമായ 2021 -22
കാലഘട്ടത്തിലാണ് മിഷന്‍ സേഫ്ഗാര്‍ഡിംഗ്' എന്ന പദ്ധതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പിലാക്കിയത്. ആഗോള വ്യോമയാന മേഘലയില്‍ വിമാനത്താവള കമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് എ.എസ്.ക്യൂ അവാര്‍ഡ്. പ്രതിവര്‍ഷം 5 -15 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന പട്ടികയിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെട്ടിട്ടുള്ളത്.
പോളണ്ടിലെ ക്രാക്കോവില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് 2022 ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ പിണറായി വിജയനും ഡയറക്ടര്‍ ബോര്‍ഡിനും വേണ്ടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, എ.സി.ഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.