വിക്കിപീഡിയയുടെ ഡെസ്‌ക്ടോപ്പ് പതിപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ലേഖനങ്ങളിൽ നൽകിയ ഹൈപ്പർ ലിങ്കുകളിൽ എന്താണുള്ളതെന്ന് മുൻകൂട്ടി പരിശോധിക്കാൻ സഹായിക്കുന്ന പേജ് പ്രിവ്യൂ എന്ന ഫീച്ചറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും ജർമൻ ഭാഷയിലുമാണ് പേജ് പ്രിവ്യൂ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. വിക്കിപീഡിയയിലെ നിരവധി ഭാഷകളിൽ 2017 മുതൽ പുതിയ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു.
ഇതുവഴി തങ്ങൾക്ക് ആവശ്യമുള്ള ഉള്ളടക്കമാണോ ഹൈപ്പർ ലിങ്കുകളിലും റിലേറ്റഡ് ആർട്ടിക്കിൾ ലിങ്കുകളിലും ഉള്ളത് എന്ന് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. വിക്കിപീഡിയ ലേഖനങ്ങളിൽ നിരവധി ഹൈപ്പർ ലിങ്കുകൾ കാണാൻ സാധിക്കും. ഹൈപ്പർ ലിങ്കുകൾ നൽകിയ പദങ്ങൾക്കും പേരുകൾക്കും വാക്കുകൾക്കുമെല്ലാം നീലനിറമാണുണ്ടാവുക. അങ്ങനെയുള്ള വാക്കുകൾക്ക് മുകളിൽ കഴ്‌സർ കൊണ്ടുവെക്കുമ്പോൾ പോപ് അപ്പ് വിൻഡോ പ്രത്യക്ഷപ്പെടും. ഇതിൽ ലിങ്കിലെ ഉള്ളടക്കത്തിന്റെ ആദ്യ ഭാഗം കാണാം. പോപ് അപ്പിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത ലേഖനത്തിലേക്ക് പോകാം.
ക്ലിക്ക് ചെയ്യാതെ ഹൈപ്പർലിങ്ക് ടെക്സ്റ്റിൽ നിന്നും കഴ്‌സർ മാറ്റിയാൽ പോപ്പ് അപ്പ് അപ്രത്യക്ഷമാവും. ബ്രൗസിങ് സുഗമമാക്കുന്നതിനായാണ് പുതിയ ഫീച്ചർ. കൂടുതൽ മാറ്റങ്ങൾക്ക് വിക്കിപീഡിയ തയാറെടുക്കുകയാണെന്ന് റീഡിങ് പ്രൊഡക്റ്റ് വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രൊഡക്റ്റ് മാനേജർ ഓൽഗ വാസിലേവ പറഞ്ഞു.