ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഇതാദ്യമായി കമ്പനി വ്യക്തമാക്കി. തങ്ങളുടെ സേവനത്തിൽ എന്തൊക്കെയാണ് നിരോധിച്ചിരിക്കുന്നതെന്നാണ് ഫേസ്ബുക്ക് പുതിയ കമ്മ്യൂണിറ്റി രേഖയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഏതൊക്കെ വിവരങ്ങളാണ് തങ്ങളുടെ സൈറ്റിൽ പങ്കുവെക്കാൻ അനുവാദമുള്ളതെന്ന് വ്യക്തമാക്കുന്ന രഹസ്യ നിയമാവലി ചൊവ്വാഴ്ചയാണ് കമ്പനി പരസ്യമാക്കിയത്.
ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങൾ സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയമാവലിയുടെ വിശദാംശങ്ങൾ കമ്പനി തന്നെ പുറത്തുവിട്ടത്.
മയക്കുമരുന്നുപയോഗം മുതൽ വിദ്വേഷ പ്രസംഗം, ലൈംഗികത്തൊഴിൽ, സംഘർഷത്തിന് പ്രേരിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങളാണ് കമ്പനി വ്യക്തമാക്കിയത്. ഉപയോക്താക്കൾക്ക് എന്തൊക്കെ തരത്തിലുള്ള വിവരങ്ങളാണ് പങ്കുവെക്കാൻ അനുമതിയുള്ളതെന്ന കാര്യത്തിൽ നേരത്തേ തന്നെ മാനദണ്ഡങ്ങളുണ്ട്. എന്നാൽ, അതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല.
ഫേസ്ബുക്ക് സേവനം സംബന്ധിച്ച് ഉപയോക്താക്കളിൽ നിലനിൽക്കുന്ന ആശങ്കകൾ നീക്കം ചെയ്യാനാണ് നിയമാവലി പരസ്യപ്പെടുത്തുന്നതെന്ന് പ്രോഡക്ട് പോളിസി ആൻഡ് കൗണ്ടർ ടെററിസം വൈസ് പ്രസിഡന്റ് മോണിക്ക ബിക്കെർട്ട് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ, വർഗീയ സംഘർഷങ്ങൾ, ഭീകരവാദം, കൊലപാതകം, ആത്മഹത്യ എന്നിവയുടെ ഫോട്ടോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തടയുന്നതിൽ ഫേസ്ബുക്കിന് വീഴ്ച പറ്റിയെന്ന് വ്യത്യസ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങൾക്കൊപ്പം അതത് പ്രദേശങ്ങളിലെ പ്രാദേശിക നിയമങ്ങളും പരിഗണിക്കപ്പെടുമെന്ന് മോണിക്ക ബിക്കെർട്ട് അറിയിച്ചു.
ഏതെങ്കിലും പോസ്റ്റ് നീക്കം ചെയ്താൽ അതിൽ അപ്പീൽ സമർപ്പിക്കാനുള്ള സൗകര്യവും ഫേസ്ബുക്ക് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തേ അക്കൗണ്ടോ പേജോ നീക്കം ചെയ്താൽ മാത്രമായിരുന്നു അപ്പീൽ നൽകാൻ അവസരമുണ്ടായിരുന്നത്. പോസ്റ്റുകൾ നീക്കം ചെയ്താൽ അപ്പീൽ നൽകാൻ സുപ്രീം കോടതി പോലെ ഒരു സംവിധാനം ആവശ്യമാണെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർ ബർഗ് ഈയിടെ വ്യക്തമാക്കിയിരുന്നു.
അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിൽ മുറിവേറ്റവരുടെ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്ക് അനുവദിക്കില്ല. എന്നാൽ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഇവ മുന്നറിയിപ്പോടെ ഉപയോഗിക്കാം.
മെഡിക്കൽ ആവശ്യങ്ങൾക്കായല്ലാതെ മരുന്നുപയോഗിക്കുന്നുവെന്ന് വ്യക്തിപരമായി അംഗീകരിക്കുന്ന തരത്തിൽ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ പാടില്ല.
പ്രായപൂർത്തിയാകാത്തവരെ അധിക്ഷേപിക്കുന്ന ഉള്ളടക്കങ്ങൾ അനുവദിക്കില്ല
ഹാക്കിംഗിലൂടെ ലഭ്യമായ വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്. എന്നാൽ വാർത്താപ്രാധാന്യമുള്ള വിവരങ്ങളാണെങ്കിൽ പോസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ല. തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്യരുത്. അടിസ്ഥാനമില്ലാത്ത വിവരങ്ങൾ പോസ്റ്റു ചെയ്യുന്നത് തടയാൻ നിലവിൽ ഫേസ്ബുക്കിൽ സംവിധാനമില്ല. എന്നാൽ അത് പ്രചരിക്കുന്നത് തടയാൻ ശ്രമിക്കും.