Sorry, you need to enable JavaScript to visit this website.

കോപ്പിയടി സംസ്‌കാരം ചൈന ഉപേക്ഷിക്കുന്നു

 

  • വിശ്വാസം വീണ്ടെടുക്കാൻ ചൈനയിൽ പുതിയ നിർമാതാക്കൾ 

അമേരിക്കയിൽ രാവിലെ ഇറങ്ങിയാൽ വൈകിട്ട് ചൈനയിലിറങ്ങുമെന്ന പ്രചാരണം വരുത്തിയ അപഖ്യാതി എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് ആ രാജ്യം. ഐപോഡ് ടെച്ചിനെ കോൾ ചെയ്യാനും മെസേജ് അയക്കാനും സാധ്യമാകുന്ന പൂർണതോതിൽ പ്രവർത്തിക്കുന്ന ഐഫോണാക്കി മാറ്റി ആപ്പിൾ കമ്പനിയെ ഞെട്ടിച്ചിട്ടുണ്ട് ചൈനക്കാർ. 
നമ്മുടെ നാട്ടിൽ ഡ്യൂപ്ലിക്കേറ്റിനു പേരുകേട്ട കുന്നംകളത്തടക്കം ആ ദൗത്യം നിർവഹിക്കുന്നത് ചൈനയിൽ നിന്നെത്തുന്ന കോപ്പികളാണ്. 
ഒറിജിനിലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇറക്കാൻ ശേഷിയുള്ള ചൈനക്കാർക്ക് പിന്നെ എന്തുകൊണ്ട് പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിക്കൂടാ എന്ന ചോദ്യം മാത്രമല്ല, അമേരിക്ക ആരംഭിച്ച ശിക്ഷാ നടപടികൾ കൂടിയാണ് ചൈനയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. 
വിദേശ വ്യാപാരത്തിൽ ചൈന തന്നെ എപ്പോഴും മുന്നിട്ടു നിൽക്കുന്നത് അമേരിക്കക്ക് ഒട്ടും ദഹിക്കുന്നില്ല. ചൈനയിൽനിന്നുള്ള ഇറക്കുമതി സാധനങ്ങളുടെ തീരുവ കൂട്ടി ഒരു കൈ നോക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 
സാങ്കേതിക രംഗത്തെ കോപ്പിയടിക്കാരെന്ന മോശം പ്രതിഛായ തിരുത്താനുള്ള ശ്രമത്തിലാണ് ദക്ഷിണ ചൈനീസ് പട്ടണമായ ഷെൻജെനിലെ എൻജിനീയർമാരും കംപ്യൂട്ടർ വിദഗ്ധരും അവരോടൊപ്പം  ഗവേഷകരായ കുട്ടികളും. സ്വന്തമായി നിർമിച്ച റിമോട്ട് കൺട്രോൾ ടോയ് കാറുകളും റോബോട്ടുകളും ഈ നിർമാതാക്കളെ രാജ്യത്തിന്റെ ദുഷ്‌പേര് മാറ്റിയെടുക്കാൻ പ്രാപ്തമാക്കുമെന്നു തന്നെയാണ് ചൈനീസ് അധികൃതരുടെ പ്രതീക്ഷ. അതുകൊണ്ടാണ് നിർമാതാക്കളുടെ ഈ പുതിയ പ്രസ്ഥാനത്തിന് സർക്കാർ വലിയ പ്രധാന്യവും സഹായവും നൽകുന്നത്. 
ആയിരക്കണക്കിനു വരുന്ന ചൈനീസ്, വിദേശ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് 14.5 കോടി ഡോളർ ഗ്രാന്റായി അനുവദിച്ചു. കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മേക്കർമാർക്ക് കോടികളാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. 


സർക്യൂട്ട് ബോർഡുകളും സോൾഡറിംഗ് കിറ്റുകളും മറ്റു സാമഗ്രികളുമൊക്കെ ഒരുക്കി കാത്തിരിക്കയാണ് ഷെൻജെനിലെ എംജി സ്‌പേസ്. ആർക്കും വന്ന് തങ്ങളുടെ പ്രതിഭ തെളിയിക്കാം. രൂപകൽപന തയാറായാൽ പിന്നീട് അത് 3 ഡി പ്രിന്റിംഗിനും ലേസർ കട്ടിനുമായി എംജി സ്‌പേസ് അധികൃതർ തന്നെ അയക്കും. 
പ്രൊഫഷണലുകൾ നേതൃത്വം നൽകുന്ന വിവിധ പദ്ധതികളിൽ യുവാക്കൾക്കും വിദ്യാർഥികൾക്കും അവസരം നൽകുകയാണ് ലക്ഷ്യമെന്ന് എംജി സ്‌പേസ് വൈസ് മാനേജർ യൂ ലിങ്യു പറയുന്നു. ഇവിടെ അധ്യാപകരും കുട്ടികളുമില്ല. എല്ലാവരും സഹപ്രവർത്തകരാണെന്ന് അവർ പറഞ്ഞു. 
പുതിയ ആശയങ്ങളുമായി വരുന്ന നിർമാതാക്കൾക്ക് അവരുടെ കണ്ടുപിടിത്തങ്ങളുടെ എല്ലാ അവകാശങ്ങളും ലഭിക്കുന്നു. 
കംപ്യൂട്ടറുകൾ മുതൽ ഹാൻഡ് ബാഗുകളും പ്രശസ്തമായ പെയിന്റിംഗുകളടക്കം ഡ്യൂപ്ലിക്കേറ്റുകൾ നിർമിക്കുന്ന ഷാങ്ഹായി സംസ്‌കാരത്തിൽനിന്നുള്ള മാറ്റമാണ് ഇവിടെ കാണുന്നത്. പകർപ്പുകൾക്കല്ല, പുതിയ ആശയങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കുമാണ് ഇവിടെ സ്ഥാനം. എട്ട് വർഷം മുമ്പ് ഐപോഡ് ടെച്ചിനെ ഐഫോണാക്കി മാറ്റാൻ ഉപയോഗിക്കുന്ന ആപ്പിൾ പീൽ ഷെൻജെനിലെ രണ്ട് സഹോദരങ്ങളാണ് കണ്ടുപിടിച്ചിരുന്നത്. മൊബൈൽ ഫോണുകൾ മുതൽ ഡ്രോണുകൾ വരെയുള്ള പുതിയ കണ്ടുപിടിത്തങ്ങളിൽ ഏർപ്പെട്ടിരിക്കയാണ് ഷെൻജനിലെ ചൈനീസ് സംരംഭകർ. 

Latest News