ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിന് 'നമുക്ക് നോക്കാം' എന്ന് അദ്ദേഹം മറുപടി നല്‍കി. ഗെഹ്‌ലോട്ടിന്റെ സ്ഥാനത്ത് തന്റെ പേര് പാര്‍ട്ടി മറന്നുപോയതെന്തേയെന്നും അദ്ദേഹം ചോദിച്ചു. മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബര്‍ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും ഇല്ലെന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ആശങ്കയും ഇല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാള്‍ക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവരെ മത്സരിപ്പിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.