Sorry, you need to enable JavaScript to visit this website.

മിസോറാം തദ്ദേശ തെരഞ്ഞെടുപ്പിൽ അസാധാരണ സഖ്യം; ബി.ജെ.പി അംഗങ്ങളെ വലവീശി കോൺഗ്രസ് 

ഗുവാഹത്തി -മിസോറാമിലെ ചക്മ സ്വയംഭരണ ജില്ലാ കൗൺസിലിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. പ്രതിപക്ഷമായ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്) അധികാരം പിടിക്കുന്നത് തടയാനാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്ത് ഈ അസാധാരണ കൂട്ടുക്കെട്ടുണ്ടാക്കിയത്. ബുദ്ധിസ്റ്റ് ആദിവാസി സമൂഹത്തിന് സ്വയംഭരണാവകാശം നൽകി 1972ൽ സ്ഥാപിച്ചതാണ് ചക്മ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ. കോൺഗ്രസാണ് ഇതുവരെ ഭരിച്ചിരുന്നത്്. 20 തദ്ദേശ ഭരണ കൗൺസിലിലേക്ക് ഈ മാസം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആറു സീറ്റു മാത്രമെ ലഭിച്ചുള്ളൂ. ബിജെപിക്ക് അഞ്ചു സീറ്റും ലഭിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വടക്കുകിഴക്കൻ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമായ എംഎൻഎഫ് ആണ് എട്ടു സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.

എം.എൻ.എഫിനൊപ്പം ചേർന്ന് ബിജെപിക്കും ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പാർട്ടി ദേശീയ നേതൃത്വം. 13 സീറ്റു നേടിയ സഖ്യത്തെ അഭിനന്ദിച്ചുകൊണ്ട് ബിജെപി അധ്യക്ഷൻ അമിത് ഷാ രണ്ടു ദിവസം മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇത് മിസോറാമിൽ ബിജെപിയുടെ ഉദയമാണെന്നായിരുന്നു ഷാ വിശേഷിപ്പിച്ചത്. 

എന്നാൽ ഇതിനിടെ മിസോറാമിലെ കോൺഗ്രസ് നേതാക്കൾ നടത്തിയ തന്ത്രപരമായ നീക്കമാണ് ഈ സഖ്യം പൊളിച്ച് ബിജെപിയെ കോൺഗ്രസിനൊപ്പം കൂട്ടാൻ സഹായകമായത്. ജയിച്ച അഞ്ചു ബിജെപി അംഗങ്ങളെ വലവീശിപ്പിടിച്ച കോൺഗ്രസ് ചക്മ കൗൺസിൽ ചെയർമാൻ സ്ഥാനം ബിജെപിക്കു വിട്ടു കൊടുത്ത് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. രണ്ടു പാർട്ടികളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന് സംയുക്ത കക്ഷി രൂപീകരിച്ചുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ഈ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് ബിജെപി പ്രാദേശിക നേതൃത്വം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പാർട്ടി നിലപാട് മാനിക്കാത്തത് ബിജെപിക്ക് നാണക്കേടായി. 

അതേസമയം തദ്ദേശ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ഔദ്യോഗികമായി അവകാശവാദമുന്നയിച്ചില്ല. ഇത് ഏതു നിമിഷവും ഉണ്ടായേക്കാമെന്നാണ് ഒരു പാർട്ടി നേതാവ് പറഞ്ഞത്. ഇരു പാർട്ടികളിലേയും പ്രാദേശിക നേതാക്കൾ ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണ് തെരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാവും സംസ്ഥാന കായിക മന്ത്രിയുമായ സോഡിന്റ്‌ലുവാങ്ക പറഞ്ഞു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് മിസോറാം. ഈ വർഷം അവസാനത്തോടെ ഇവിടെയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോൺഗ്രസിനെ അധികാരത്തിൽ നിന്നു പുറത്താക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. അതിനിടെയാണ് ഈ തിരിച്ചടി.
 

Latest News