Sorry, you need to enable JavaScript to visit this website.

ആൾദൈവം ആസാറാം ബാപുവിന് ജീവപര്യന്തം തടവുശിക്ഷ

ജോധ്പൂർ- ഉത്തർ പ്രദേശ് സ്വദേശിയായ 16 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപുവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോധ്പൂരിനടുത്ത തന്റെ ആശ്രമത്തിൽ നിയമവിരുദ്ധമായി തടങ്കലിൽ വെക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനാണ് ശിക്ഷ. കേസിൽ കുറ്റക്കാരായ ആസാറാമിന്റെ രണ്ടു സഹായികൾക്ക് 20 വർഷം തടവുശിക്ഷയും ജോധപൂരിലെ പ്രത്യേക കോടതി വിധിച്ചു. ഹോസ്റ്റൽ വാർഡനായ ശരത്ചന്ദ്ര, ഛിന്ദ്വാര ആശ്രമത്തിലെ ഹോസ്റ്റർ വാർഡനായിരുന്ന ശിൽപി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു രണ്ടു പേർ. 

കേസിൽ പ്രതികളായിരുന്നു രണ്ടു പേരെ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാ വിധി കേട്ട് 77കാരനായ ആസാറാം പൊട്ടിക്കരഞ്ഞുവെന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ കാരണങ്ങളാൽ കോടതി മുറിയിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 

കനത്ത സുരക്ഷാ വലയത്തിൽ ജോധ്പൂർ സെൻട്രൽ ജയിലിൽ ഒരുക്കിയ കോടതി മുറിയിലാണ് പ്രത്യേക കോടതി ജഡ്ജി മധുസൂധൻ ശർമ ശിക്ഷ വിധിച്ചത്. ആസാറാം ഈ ജയിലിൽ തടവിലാണിപ്പോൾ. കഴിഞ്ഞ വർഷം ലൈംഗിക പീഡനക്കേസിൽ മറ്റൊരു ആൾദൈവം ഗുർമീത് റാം റഹിം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വ്യാപക കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇതാവർത്തിക്കാതിരിക്കാൻ നാലു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതയിലായിരുന്നു പോലീസ്.

കേസിൽ നാലു വർഷത്തിനു ശേഷമാണ് ശിക്ഷാവിധി വരുന്നത്. ഉത്തർ പ്രദേശിലെ സഹാറൻപൂർ സ്വദേശിയായ പെൺകുട്ടിയെ 2013 ഓഗസ്റ്റിലാണ് ആസാറാം തന്റെ ആശ്രമത്തിൽ വച്ച് ബലാൽസംഗം ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളെ മറിക്കു പുറത്തിയിരുത്തിയായിരുന്നു ഈ ഹീനകൃത്യം. മധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള ആസാറാമിന്റെ ആശ്രമത്തിലെ ഗുരുകുല വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന പെൺകുട്ടിയെ കേസിൽ ശിക്ഷിക്കപ്പെട്ട ഛിന്ദ്വര ആശ്രമത്തിലെ ഹോസ്റ്റൽ വാർഡൻ ശിൽപിയാണ് തന്ത്രപൂർവം ജോധപൂരിലെ ആശ്രമത്തിൽ ചികിത്സയ്‌ക്കെന്ന പേരിൽ എത്തിച്ചത്. പെൺകുട്ടിക്കു പിശാച് ബാധയാണെന്നയാരുന്നു ആൾദൈവത്തിന്റെ കണ്ടെത്തൽ. 

ബാധയൊഴിപ്പിക്കൽ ചികിത്സയ്ക്കായി മുറിയിലേക്കു കൊണ്ടു പോയി ആസാറാം ബലാൽസംഗം ചെയ്യുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ മുറിക്കു പുറത്തു കാത്തിരിക്കുന്ന മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആസാറാം തന്നെ ബലാൽസംഗം ചെയ്തതെന്ന് പെൺകുട്ടി പേലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം പെൺകുട്ടി മാതാപിതാക്കളോട് വിശദീകരിച്ചു. തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയേയും കൂട്ടി ആസാറാമിനെ നേരിട്ടു കാണാൻ ദൽഹിയിലെത്തി. ഇവിടെ ആസാറാമിനെ കാണാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ ദൽഹിയിലെ കമലാ മാർക്കറ്റ് പോലീസ് സ്‌റ്റേഷനിൽ 2013 ഓഗസ്റ്റ് 20നാണ് ആദ്യമായി പരാതി നൽകുന്നത്. സംഭവം നടന്നത് ജോധപൂരിലായതിനാൽ ഈ കേസ് പിന്നീട് അവിടേക്ക് മാറ്റുകയായിരുന്നു. വധഭീഷണികളുണ്ടായിട്ടും പെൺകുട്ടി കേസിൽ ഉറച്ചു നിൽക്കുകയും 27 ദിവസമെടുത്ത് പോലീസ് പെൺകുട്ടിയുടെ പൂർണ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2013 നവംബറിൽ തന്നെ കേസ് അന്വേഷിച്ച പോലീസ് 1,200 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചു. നാലു വർഷം നീണ്ട വിചാരണക്കിടെ ആസാറാമിന്റെ അടുപ്പക്കാരായ രണ്ടു പേരുൾപ്പെടെ ഒമ്പതു സാക്ഷികൾ ആക്രമിക്കപ്പെടുകയും ഇവരിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
 

Latest News