മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുക്കെട്ട് 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. മലയാളി എന്ന ചിത്രത്തിലൂടെ.
മുമ്പ് ഈ കൂട്ടുകെട്ടിലെ അവിഭാജ്യ ഘടകമായിരുന്ന മോഹൻലാലിന് പകരം എത്തുന്നത് ഫഹദ് ഫാസിലാണെന്ന് മാത്രം. 2002 ൽ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു ഇരുവരുടെയും അവസാന ചിത്രം.
ഒരു ഇന്ത്യൻ പ്രണയ കഥയ്ക്ക് ശേഷം സത്യനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേര് മലയാളി എന്നാണെന്ന് സത്യൻ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. വിഷു ആശംസ നേരുന്ന ഫെയ്‌സ്ബുക് പോസ്റ്റിലാണ് പുതിയ ചിത്രത്തിന്റെ വിവരവും സത്യൻ പുറത്തുവിട്ടത്.
പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താനും ശ്രീനിവാസനുമെന്നും സത്യൻ പറയുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.
ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി.ആർ. ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥയാണ് പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശനെന്നും സത്യൻ വെളിപ്പെടുത്തി.
ജോമോന്റെ സുവിശേഷങ്ങൾക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെയാണ് ഈ സിനിമയും നിർമിക്കുന്നത്. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങും. എസ്.കുമാർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ.