Sorry, you need to enable JavaScript to visit this website.

മകള്‍ക്ക് പേരിടാന്‍ കാത്തിരുന്നത് ഒമ്പത് വര്‍ഷം; ഒടുവില്‍ മുഖ്യമന്ത്രി പേരു വിളിച്ചു, മഹതി

ഹൈദരാബാദ്-തെലങ്കാനയിലെ ദമ്പതികളായ സുരേഷും അനിതയും മകള്‍ക്ക് പേരിടാന്‍ കാത്തിരുന്നത് ഒമ്പതു വര്‍ഷം.  മകള്‍ക്ക് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പേരിടണമെന്നായിരുന്നു മുലുഗു ജില്ലയിലെ ഭൂപാലപള്ളി മണ്ഡലത്തിലെ നന്ദിഗമ സ്വദേശികളായ ദമ്പതികളുടെ ആഗ്രഹം. 2013ലാണ് ഇവര്‍ക്ക്  പെണ്‍കുഞ്ഞ് പിറന്നത്. തെലങ്കാന പ്രസ്ഥാനത്തെ നയിക്കുന്ന കെ.സി.ആര്‍ തന്നെ മകള്‍ക്ക് പേരിടണം എന്നവര്‍ ആഗ്രഹിച്ചു. ഇരുവരും തെലങ്കാന പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തവരായിരുന്നു.
പക്ഷേ പലകാരണങ്ങള്‍കൊണ്ട് ദമ്പതികള്‍ക്ക് കെ.സി.ആറിനെ കാണാന്‍ സാധിച്ചില്ല. ഔദ്യോഗികമായി പേര് നല്‍കാതെ അവര്‍ മകളെ വളര്‍ത്തി. താല്‍ക്കാലികമായി ആധാറില്‍ പേര് ചിട്ടി എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇവരുടെ അസാധാരണമായ കാത്തിരിപ്പ് തെലങ്കാനരാഷ്ട്ര സമിതിയില്‍ നിന്നുള്ള നിയമസഭാ കൗണ്‍സില്‍ അംഗവും മുന്‍ നിയമസഭാ സ്പീക്കറുമായ എസ് മധുസൂദന ചാരി അറിയാനിടയാതോടെയാണ് ദമ്പതികളുടെ ആഗ്രഹസഫലീകരണത്തിന് നിമിത്തമായത്. മധുസൂദന ചാരി ഉടന്‍ തന്ന  ദമ്പതികളെയും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് കൊണ്ടുവരികയായിരുന്നു.
 
ദമ്പതികളെ അനുഗ്രഹിച്ച മുഖ്യമന്ത്രി റാവു ഒമ്പത് വയസ്സായ മകള്‍ക്ക് 'മഹതി' എന്ന് പേരുവിളിച്ചു. പരമ്പരാഗത രീതിയില്‍ സ്വീകരിച്ച് ദമ്പതികള്‍ക്ക് മുഖ്യമന്ത്രിയും ഭാര്യയും ദമ്പതികള്‍ക്ക് നല്‍കി.  പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും മുഖ്യമന്ത്രി നല്‍കി.

 

Latest News