ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ആലാപന രംഗത്തെ നിത്യസാന്നിധ്യമാണ് സയനോരാ ഫിലിപ്പ്. ഉത്തര മലബാറിലെ കണ്ണൂരിൽ ജനിച്ചു വളർന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ഈ ഗായികയുടെ ശബ്ദവും സ്വരവും വേറിട്ടുനിന്നു. മെലഡി ഗാനങ്ങളേക്കാൾ റോക്ക് ഗാനങ്ങൾക്ക് അനുയോജ്യമായ ആ ശബ്ദം അക്കാലം തൊട്ടേ മലയാളികൾക്ക് പ്രിയങ്കരമായിരുന്നു.
പിന്നണിഗായിക എന്ന നിലയിൽ നീണ്ട പതിനാലു വർഷം പിന്നിട്ട സയനോരയുടെ പുതിയ ലാവണം സംഗീത സംവിധാന രംഗമാണ്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് ഒരുക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സയനോരയുടെ അരങ്ങേറ്റം. ഉടലാഴം എന്ന ചിത്രത്തിലൂടെ സിത്താര കൃഷ്ണകുമാറും സംഗീത സംവിധാന രംഗത്തേയ്ക്ക് ചുവടുവെച്ചിരുന്നു. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ പുറത്തിറങ്ങിയ ചക്കപ്പാട്ടിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഗീത രംഗത്തെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സയനോര.
സംഗീത സംവിധാന രംഗത്തേയ്ക്കുള്ള കടന്നുവരവ്?
യാദൃഛികമായാണ് സംഗീത സംവിധാന രംഗത്തെത്തുന്നത്. സംവിധായകൻ ജീൻ മാർക്കോസുമായുള്ള സൗഹൃദമാണ് ഇതിന് നിമിത്തമായത്. സംഗീത സംവിധാനം ചെയ്യാനാവുമോ എന്നു ചോദിച്ചപ്പോൾ ആദ്യം നോ എന്നാണ് പറഞ്ഞത്. കാരണം സിനിമാ ഗാനത്തിന് സംഗീതം നൽകുക എന്നത് അതുവരെ ചിന്തിക്കാത്ത കാര്യമായിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ ആദ്യമായി ലഭിച്ച അവസരം തട്ടിക്കളയേണ്ടെന്ന് തോന്നി. തുടക്കത്തിൽ നല്ല ടെൻഷനുണ്ടായിരുന്നെങ്കിലും സംവിധായകന്റെ സഹകരണം കാര്യങ്ങൾ എളുപ്പമാക്കി. പുറത്തിറങ്ങിയ പാട്ടിന് നല്ല അഭിപ്രായം കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്.
സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്തു തന്നെ പാട്ടിൽ ഒട്ടേറെ സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. കണ്ണൂർ എസ്.എൻ കോളേജിലെ പഠനകാലം തൊട്ടേ പാട്ടുകൾ കമ്പോസ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ സിനിമാ ഗാനം കമ്പോസിംഗ് ചെയ്യുന്നത് ജിംഗിൾസ് ചെയ്യുന്നതു പോലെയല്ല. കഥയുമായും കഥാപാത്രവുമായുമെല്ലാം യോജിച്ചുനിന്നു വേണം സംഗീതമൊരുക്കാൻ. ബാക്ക് ഗ്രൗണ്ട് സ്‌കോറിന്റെ കാര്യത്തിലും ടെൻഷനുണ്ടായിരുന്നു.
സംഗീത സംവിധാന രംഗത്ത് സ്ത്രീകൾ വിരളമാണല്ലോ?
അവസരങ്ങൾ ലഭിക്കാത്തതു തന്നെ കാരണം. സംഗീത സംവിധാനരംഗത്ത് സ്ത്രീകൾ ഏറെയില്ലാത്തതും അവസരങ്ങൾ കുറയ്ക്കുകയാണ്. എന്റെ കാര്യം തന്നെയെടുക്കാം. ആലാപന രംഗത്ത് 14 വർഷം പിന്നിട്ടെങ്കിലും ഇന്നുവരെ കംപോസ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ആലാപനത്തിലും സ്റ്റേജ് പെർഫോർമൻസിലുമെല്ലാം കംഫർട്ടബിൾ ആയതുകൊണ്ടായിരിക്കാം ഈയൊരു മേഖലയെക്കുറിച്ച് ചിന്തിക്കാതിരുന്നത്.
ഡബ്ബിംഗ് അനുഭവം?
അവിചാരിതമായി ലഭിച്ച അവസരമായിരുന്നു ഡബ്ബിംഗ്. ശ്യാമപ്രസാദ് സാറിന്റെ ഹേ ജൂഡിൽ ഒരു ഗാനം പാടാനാണ് പോയത്. അമൽ ആന്റണിയോടൊപ്പം പാടിയ 'മീനുകൾ വന്നുപോയി...' എന്ന ഗാനം. പാടിക്കഴിഞ്ഞപ്പോൾ ശ്യാംസാർ ചോദിച്ചു. ത്രിഷയ്ക്കു വേണ്ടി ഡബ്ബ് ചെയ്യാമോ എന്ന്. ഗോവയിൽ ജനിച്ചുവളർന്ന ബാൻഡ് സിംഗറായ ക്രിസ്റ്റൽ ആൻ ചക്രപറമ്പ് എന്ന കഥാപാത്രമായിരുന്നു ത്രിഷയുടേത്. ഓകെ പറഞ്ഞു. തുടക്കത്തിൽ ശബ്ദം മാച്ചാകുമോ എന്ന സംശയമുണ്ടായിരുന്നു. ഡയനാമിക്‌സെല്ലാം ശരിയായി തന്നെ വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സംഗതി ഓകെ. ശരിക്കും ആസ്വദിച്ചാണ് ഡബ്ബിംഗ് ചെയ്തത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.
പാട്ടിനെ എങ്ങനെയാണ് കാണുന്നത്?
പിന്നണി ഗായിക എന്നതിലുപരി ലൈവ് സിംഗിംഗ് ആണ് ഇഷ്ടം. ജനക്കൂട്ടത്തിന്റെ പിന്തുണയും ശക്തിയും കൃത്യമായി അറിയാൻ കഴിയുന്നത് പെർഫോൻസിലൂടെയാണ്. എങ്കിലും രണ്ടും ഒരുപോലെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. കാരണം രണ്ടിലും ആത്മാർത്ഥതയും പരിശ്രമവും വേണ്ടുവോളം വേണം. എന്തു ചെയ്യുന്നു എന്നതിലുപരി എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം.
എ.ആർ. റഹ്മാനിൽനിന്നും പഠിച്ച പാഠം?
നാലു വർഷത്തോളം റഹ്മാൻ സാറിന്റെ സംഗീത ട്രൂപ്പിൽ അംഗമാകാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി സംഗീത വിരുന്നുകളിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. ഒരു യൂനിവേഴ്‌സിറ്റിയിൽ പോയി പഠിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിൽനിന്നും ലഭിച്ചത്. സംഗീതത്തിലുപരി സാങ്കേതിക മേഖലകളെക്കുറിച്ചും കൂടുതൽ പഠിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞു. വേദികളിലെ പ്രകടനം എങ്ങനെ മികച്ചതാക്കാമെന്നു പഠിച്ചതും അദ്ദേഹത്തിൽനിന്നാണ്.
ജീവിതത്തിലെ ബോൾഡ്‌നസ്?
സത്യത്തിൽ ബോൾഡാണോ എന്നു ചോദിച്ചാൽ ചില കാര്യങ്ങളിൽ ബോൾഡല്ല എന്നു പറയേണ്ടിവരും. എന്നാൽ ചില കാര്യങ്ങളിൽ ഉറച്ച തീരുമാനങ്ങളുണ്ടാകും. മറ്റുള്ളവരുടെ ചിന്താഗതികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനൊപ്പം തന്നെ നമ്മൾ നമ്മളായിത്തന്നെ നിലകൊള്ളുക എന്നതാണ് പ്രധാനം. ചില കാര്യങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസമാണ് നമ്മെ ബോൾഡാക്കുന്നത്. എപ്പോഴും എനർജിയോടെ ഇരിക്കുന്നതെങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്. പോസിറ്റീവായി ചിന്തിക്കുകയും കാര്യങ്ങൾ കാണുകയും ചെയ്യുക. അതാണ് പോളിസി. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ നിരാശയോടെ കഷ്ടമായിപ്പോയി എന്നു പറയാറില്ല. അടുത്ത പ്രാവശ്യം ശരിയാക്കാം എന്ന ചിന്തയാണുള്ളത്.
ആലാപനവും കുടുംബ ജീവിതവും തമ്മിൽ?
രണ്ടും സമരസപ്പെട്ടുപോകുന്നു. മകൾ ചെറിയ കുട്ടിയായിരുന്നപ്പോൾ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അവൾക്കെപ്പോഴും ഞാൻ അടുത്തു വേണം എന്നു പറഞ്ഞ് വാശിപിടിക്കാറുണ്ട്. ഒഴിവുസമയം അവൾക്കരികിലെത്തിയും തിരക്കുള്ളപ്പോൾ എന്റെയടുത്തു വന്നുമെല്ലാം സഹകരിക്കുന്നു. എന്റെ കുടുംബവും ഭർത്താവിന്റെ കുടുംബവും നല്ല സഹകരണം നൽകുന്നതുകൊണ്ടാണ് ഈ രംഗത്ത് നിലനിൽക്കാൻ കഴിയുന്നത്. പ്രത്യേകിച്ചും ഒരു സ്ത്രീക്ക് കലാരംഗത്ത് നിലനിൽക്കണമെങ്കിൽ നല്ല പിന്തുണ വേണം. കുടുംബത്തിന്റെ പിന്തുണ തന്നെയാണ് കരുത്ത്.
സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്?
കുട്ടിക്കാലം തൊട്ടേ സ്വാതന്ത്ര്യം അനുഭവിച്ചാണ് വളർന്നത്. ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയാണ് മമ്മിയും ഡാഡിയും വളർത്തിയത്. എന്തു കാര്യവും തുറന്നു പറയാനും പരിഹാരം കാണാനും അവർ കൂടെനിന്നു. ഞാനായിത്തന്നെ ഇരിക്കുക, മറ്റൊരാളുടെ ഐഡന്റിറ്റി കൊണ്ടുനടക്കാതിരിക്കുക. അത്തരം ഒരു മുഖംമൂടിയില്ലാതെ ഞാൻ എന്താണോ അതായിത്തന്നെ നിലകൊള്ളുക എന്നതാണ് എന്റെ നയം.
സംഗീത ലോകത്തിനുമപ്പുറം?
യാത്രകൾ ഏറെയിഷ്ടമാണ്. അതും സ്വന്തമായി ബൈക്കോടിച്ച് പോവുക. ഡ്രൈവിംഗിനു പുറമെ ഭക്ഷണം പാചകം ചെയ്യാനും താൽപര്യമുണ്ട്. സംഗീത വിരുന്നുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ യാത്ര ചെയ്തിട്ടുണ്ട്. സംഗീത യാത്രകളല്ലാതെ സ്വന്തമായി ബൈക്കെടുത്ത് ഓടിച്ച് ദൂരയാത്ര ചെയ്യണമെന്ന മോഹം ഇനിയും ബാക്കി.
അഭിനയ രംഗത്തേയ്ക്കും കടന്നുവരുമോ?
പറയാനാവില്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയ രംഗത്തും ഒരു പരീക്ഷണം നടത്തും. അഭിനയത്തോട് താൽപര്യക്കുറവൊന്നുമില്ല. നല്ല വേഷങ്ങൾ ലഭിക്കണമെന്നു മാത്രം. ഇതിനിടയിൽ എന്റെ നിറത്തെ ചൊല്ലി ചില ട്രോളുകൾ വന്നിരുന്നു. അതൊന്നും എന്നെ ബാധിക്കാറില്ല. അവയെല്ലാം ചിരിച്ചുതള്ളുകയാണ് പതിവ്.