Sorry, you need to enable JavaScript to visit this website.

വിദ്വേഷ പ്രസംഗത്തിന് 58 ജനപ്രതിനിധികള്‍ കേസില്‍; ഭൂരിഭാഗവും ബി.ജെ.പിക്കാര്‍ 

ന്യൂദല്‍ഹി- നിലവിലെ എം.പിമാരിലും എം.എല്‍.എമാരിലും 58 പേര്‍ വിദ്വേഷ പ്രംഗത്തിന്റെ പേരില്‍ നിയമനടപടി നേരിടുന്നവര്‍. ഇവരില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരാണെന്ന് ദല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) വെളിപ്പെടുത്തി. തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസുണ്ടെന്ന് വെളിപ്പെടുത്തിയവരാണ് 15 സിറ്റിംഗ് ലോക്‌സഭാ എം.പിമാര്‍. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട രാജ്യസഭാംഗങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുണ്ടെന്ന് വെളിപ്പെടുത്തിയ എം.പിമാരില്‍ 10 പേര്‍ ബി.ജെ.പിക്കാരാണ്. ആള്‍ ഇന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, തെലങ്കാന രാഷ്ട്ര സമിതി, പാട്ടാളി മക്കള്‍ കച്ചി, എ.ഐ.എം.ഐ.എം, ശിവസേന എന്നീ പാര്‍ട്ടികളിലെ ഒരോ എം.പിമാര്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്നു. 
മജ്‌ലിസെ ഇത്തിാഹുദല്‍ മുസ്്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയും എ.ഐ.യു.ഡി.എഫ് നേതാവ് ബദറുദ്ദീന്‍ അജ്മലും കേസ് നേരിടുന്നവരാണ്. വിദ്വേഷ പ്രസംഗത്തിന് കേസുണ്ടെന്ന് വെളിപ്പെടുത്തിയവരില്‍ കേന്ദ്ര മന്ത്രി ഉമാഭാരതിയും ഉള്‍പ്പെടുന്നു. 
എം.എല്‍.എമാരില്‍ 43 പേരാണ് തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസുണ്ടെന്ന് വെളിപ്പെടുത്തിയത്. പാര്‍ട്ടി തിരിച്ചാല്‍ ഇവരില്‍ 17 പേര്‍ ബി.ജെ.പിക്കാരാണ്. ടി.ആര്‍.എസ്, എ.ഐ.എം.ഐ.എം എന്നീ കക്ഷികളില്‍നിന്ന് അഞ്ച് പേര്‍ വീതം കേസ് നേരിടുമ്പോള്‍ ടി.ഡി.പിയില്‍നിന്ന് മൂന്ന് പേര്‍ നിയമനടപടി നേരിടുന്നു. കോണ്‍ഗ്രസ്, എ.ഐ.ടി.സി, യുനൈറ്റഡ് ജനതാദള്‍, എസ്.എച്ച്.എസ് എന്നിവയില്‍നിന്ന് രണ്ട് എം.എല്‍.എമാര്‍ വീതവും ഡി.എം.കെ, ബി.എസ്.പി, എസ്.പി എന്നിവയില്‍നിന്ന് ഓരോരുത്തരും കേസ് നേരിടുന്നു. വിദ്വേഷ പ്രസംഗത്തിന് കേസുണ്ടെന്ന് വെളിപ്പെടുത്തിയ എം.എല്‍.എമാരില്‍ രണ്ട് കക്ഷി രഹിതരമുണ്ട്.
ജനപ്രതിനിധികള്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണ് എ.ഡി.ആറും നാഷണല്‍ ഇലക്്ഷന്‍ വാച്ചും പട്ടിക തയാറാക്കിയത്. 
എം.പിമാരില്‍ 15 പേര്‍ ഉത്തര്‍പ്രദേശില്‍നിന്നാണ്. തെലങ്കാന (13), കര്‍ണാടക (അഞ്ച്്) മഹാരാഷ്ട്ര (അഞ്ച്) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍. വിദ്വേഷ പ്രസംഗത്തിന് വിചാരണ നേരിടുന്ന 11 സിറ്റിംഗ് എം.എല്‍.എമാര്‍ തെലങ്കാനയില്‍നിന്നാണ്. ബിഹാറില്‍നിന്ന് നാല് പേരും യു.പിയില്‍നിന്ന് ഒമ്പതു പേരും മഹാരാഷ്ട്രയില്‍നിന്ന് നാല് പേരും പട്ടികയിലുണ്ട്. 
തെരഞ്ഞെടുപ്പിനുമുമ്പും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് എ.ഡി.ആര്‍ ആവശ്യപ്പെടുന്നു. വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അവര്‍ തെരഞ്ഞെടുക്കപ്പെട്ടാലും നടപടി സ്വീകരിക്കണം. 
നിരുത്തരവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോഡി കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. 
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദ്വേഷ പ്രചാരണത്തിന് കേസ് നിലനില്‍ക്കുന്നതായി അറിയിച്ച 198 സ്ഥാനാര്‍ഥികള്‍ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇങ്ങനെ മത്സരിച്ചവരില്‍ 18 കക്ഷിരഹിതരുമുണ്ട്. 


 

Latest News