അലഹാബാദ്- ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളെജിൽ ഓക്‌സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ച ഡോക്ടർ കഫീൽ ഖാന് ഒടുവിൽ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗൊരഖ്പൂരിൽ നൂറോളം കുട്ടികൾ മരിച്ച ദുരന്തം അന്വേഷിച്ച പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും അതു കൊണ്ട് കഫീൽ ഖാനെ ഇനിയും തടവിലിടേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എട്ടു മാസത്തോളമായി സ്വാഭാവിക നീതിനിഷേധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന ഡോക്ടർ കഫീൽ ഖാൻ ഏതാനും ദിവസങ്ങൾക്കു മുമ്പ് ജയിലിൽ നിന്നെഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് അദ്ദേഹത്തിനു ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ പ്രവർത്തകരും മറ്റും രംഗത്തെത്തിയിരുന്നു. ഗൊരഖ്പൂർ ആശുപത്രിയിൽ ദുരന്ത ദിവസം എന്താണ് സംഭവിച്ചതെന്നും വിശദീകരിച്ച കഫീൽ ഖാൻ എന്തു കൊണ്ടാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥിന് തന്നോട് ശത്രുതയെന്നും കത്തിൽ ചോദിച്ചിരുന്നു.
ജയിലിൽ എട്ടുമാസം, ഞാൻ കുറ്റവാളിയാണോ-ഡോ. കഫീൽ ഖാൻ
സംഭവം നടന്ന ദിവസം ഓക്‌സിജൻ തരപ്പെടുത്താൻ വേണ്ടി ഓടി നടക്കുകയും പരമാവധി കുട്ടികളെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. ദുരന്തം മാധ്യമങ്ങളെ അറിയിച്ചത് താനാണെന്ന തെറ്റിദ്ധാരണ മൂലമാണ് മുഖ്യമന്ത്രിക്ക് തന്നോടിത്ര രോഷമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ദുരന്തത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശനം നടത്തിയതിനു പിന്നാലെയാണ് കഫീൽ ഖാനെതിരെ പോലീസ് നടപടികളുണ്ടായത്. തടവിലിരിക്കെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്ന കഫീൽ ഖാനെ പോലീസ് കൈകാര്യം ചെയ്യുന്ന വീഡിയോയും ഈയിടെ പുറത്തു വന്നിരുന്നു.