വെല്ലൂര്‍- അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 2015 ഏപ്രില്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതി അണ്ണാമലൈ പെണ്‍കുട്ടിയെ ചോക്കളേറ്റ് നല്‍കാമെന്ന് പറഞ്ഞ് സമീപത്തെ മുനിസിപ്പല്‍ ടോയ്‌ലെറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വനിതാ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് പോക്‌സോ നിയമപ്രകാരം പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ലക്ഷ്മി പ്രിയ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകള്‍ പ്രകാരവും തടവും പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് സെഷന്‍സ് ജഡ്ജി നിര്‍ദേശിച്ചു.
ഒരാഴ്ചക്കിടെ ഇത് മൂന്നാമത്തെ കേസിലാണ് ലൈംഗിക പീഡനക്കേസില്‍ കഠിന തടവ് വിധിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
2015 ല്‍ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഈ മാസം 17-നാണ് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചത്. 2014 ല്‍ 11 കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതിക്ക് ഇതേ ശിക്ഷ വിധിച്ചത് ഏപില്‍ 20 നായിരുന്നു.