കൊച്ചി- പഴശ്ശിരാജ എന്ന ചിത്രത്തിനെ ടിനി ടോം താറടിച്ചു കാണിക്കുന്ന തരത്തിലുള്ള വാര്‍ത്താ തലക്കെട്ട് അബദ്ധമാണെന്നും ടിനി അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍.
വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വിഷേശങ്ങള്‍ ടിനി പങ്കുവെച്ച വാര്‍ത്തയിലായിരുന്നു ഇങ്ങനെയൊരു തലക്കെട്ട് വന്നത്. ഗോകുലം ഗോപാലന് നന്ദി അറിയിക്കുക കൂടി ചെയ്യുന്ന വാര്‍ത്തയെ തുടര്‍ന്ന് നിരവധി പേര്‍ ടിനി ടോമിനെ വിമര്‍ശിച്ചു. എന്നാല്‍ ആ തലക്കെട്ട് അബദ്ധമായിരുന്നുവെന്നും ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ലെന്നു ലേഖകന്‍ വ്യക്തമാക്കി.
അത് തന്റെ അറിവില്ലായ്മയില്‍ പറ്റിയതാണെന്നും പഴശ്ശിരാജയെ കുറിച്ച് കുറേപേര്‍ പറഞ്ഞ അബദ്ധ ധാരണയിലുണ്ടായതാണെന്നും ലേഖകന്‍ വ്യക്തമാക്കി. അതോടൊപ്പം ആ വാര്‍ത്ത ഡിലീറ്റ് ചെയ്‌തെന്നും ഇനി അതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പികരുതെന്നും ലേഖകന്‍ ആവശ്യപ്പെട്ടു.
ക്ഷമാപണത്തിന്റെ പൂര്‍ണ രൂപം
കഴിഞ്ഞദിവസം ഓണ്‍ലൈന്‍ പീപ്‌സ് മീഡിയയില്‍ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിര്‍മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉള്‍പ്പെടുത്തി ഷെയര്‍ ചെയ്യപ്പെട്ട ഒരു വാര്‍ത്തയില്‍, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമര്‍ശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്.
അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവര്‍ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്. 'പഴശ്ശിരാജയുടെ സാമ്പത്തിക നഷ്ടം പത്തൊമ്പതാം നൂറ്റാണ്ടിലൂടെ നികത്തി ഗോകുലം ഗോപാലന്‍' എന്ന ഒരു തെറ്റായ തലക്കെട്ടോടെ ടിനി ടോം പറഞ്ഞ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ആ വാര്‍ത്ത ഈ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. ഓണ്‍ലൈന്‍ പീപ്‌സ് മീഡിയ മുഖാന്തരം അങ്ങനെയൊരു തെറ്റായ തലക്കെട്ട് പ്രസിദ്ധീകരിക്കേണ്ടി വന്നതില്‍ അങ്ങേയറ്റം ഞാന്‍ ആദ്യമേ ക്ഷമാപണം നടത്തുന്നു.
ആ തലക്കെട്ട് എഴുതിയത് പൂര്‍ണ്ണമായും എന്റെ അറിവില്ലായ്മയാണ്. അതിന് മറ്റാരും ഉത്തരവാദികളല്ല. തെറ്റ് മനസ്സിലാക്കി ഞാന്‍ ആ തലക്കെട്ടും വാര്‍ത്തയും ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ഒരു തലക്കെട്ട് ചൂണ്ടികാണിച്ച് അത് ടിനി ടോം പറഞ്ഞതാണെന്ന വ്യാജേന അദ്ദേഹത്തെ വിമര്‍ശിക്കാനും മറ്റുമായി ഈ സാഹചര്യം മുതലെടുത്ത് ആ നടനെതിരെ പലരും സൈബര്‍ ആക്രമണം വരെ അഴിച്ചുവിടുന്ന സാഹചര്യമുണ്ടായി എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്.
ലേഖകന്‍ തലക്കെട്ടില്‍ ഉദ്ധരിച്ച ആ വാക്കുകള്‍ ടിനി ടോം പറഞ്ഞതല്ല എന്നറിഞ്ഞിട്ടും ഇപ്പോഴും അതിന്റെ സ്‌ക്രീന്‍ ഷോട്ട് ചിലര്‍ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. പക്ഷെ അദ്ദേഹം പറയാത്ത ഒരു കാര്യം ഇങ്ങനെ ഇനിയും പ്രചരിപ്പിക്കപ്പെടുന്നത് തികച്ചും അധാര്‍മികമായ പ്രവണതയാണ്.
ഈ മീഡിയ വഴി വന്ന ഒരു വാര്‍ത്തയ്ക്ക് നല്‍കിയ ഒരു തലക്കെട്ടിന്റെ പേരിലാണ് ഇത്രയും തെറ്റിദ്ധാരണകള്‍ ഉണ്ടായത് എന്നതുകൊണ്ട് ഇനിയും അതിന്റെ സ്‌ക്രീന്‌ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ ആരായാലും അത് ദയവായി നിര്‍ത്തണമെന്ന് അതെഴുതിയ ആളെന്ന നിലയില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.