മധുര- ഇക്കാലത്ത് നിരവധി ദമ്പതികള്‍ വിവാഹത്തിന് മുമ്പ് കരാര്‍ ഒപ്പിടുന്നതായി കാണാറുണ്ട്. അത്തരത്തില്‍ തമിഴ്‌നാട്ടിലെ ഒരു വിവാഹത്തില്‍ നടന്ന കരാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.തമിഴ്‌നാട്ടിലെ തേനിയിലെ ഒരു സ്വകാര്യ കോളേജിലെ പ്രൊഫസറായ ഹരിപ്രസാദും പൂജയുമാണ് ഞായറാഴ്ച വിവാഹിതരായത്. വിവാഹച്ചടങ്ങിനിടെ ഹരിപ്രസാദിന്റെ സുഹൃത്തുക്കള്‍ 20 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കൊണ്ടുവന്ന് കരാര്‍ ഒപ്പിടാന്‍ വധു പൂജയോട് ആവശ്യപ്പെടുകയായിരുന്നു.
സ്റ്റാമ്പ് പേപ്പറിലെ കരാര്‍ വായിച്ച പൂജയ്ക്ക് ചിരി നിയന്ത്രിക്കാനായില്ല. 'സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് വേണ്ടി ശനി, ഞായര്‍ ദിവസങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ഹരിപ്രസാദിനെ ഇതിനാല്‍ അനുവദിയ്ക്കുന്നു , പൂജ എന്നതായിരുന്നു കരാര്‍. നിറചിരിയോടെ പൂജ കരാര്‍ ഒപ്പിട്ടു.
സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹശേഷം ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഈ വിചിത്രമായ ആശയവുമായി എത്തിയത്.ദമ്പതികള്‍ ഒപ്പിട്ട കരാറും സുഹൃത്തുക്കള്‍ക്കുമൊപ്പം ചിത്രങ്ങളും ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.