റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ രഘുറാം രാജനെ നിയമിക്കാന്‍ ആലോചനയുണ്ടെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്ട്ട് ചെയ്തു. രഘുറാം രാജനെ തഴഞ്ഞാണ് മോഡി സര്‍ക്കാര്‍ ഊര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറാക്കിയത്. അതോടെയാണ് നോട്ടു നിരോധനം എന്ന അബദ്ധം സംഭവിക്കുന്നത്. വിവാദമായ നോട്ടു നിരോധനത്തെ എതിര്‍ത്ത ആളായിരുന്നു രഘുറാം രാജന്‍
മന്‍മോഹന്‍ സിംഗിന്റെ കാലത്തു 2013ലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജനെ നിയമിക്കുന്നത്. മികച്ച പ്രകടനവുമായി കാലാവധി പൂര്‍ത്തിയാക്കിയ രഘുറാം രാജനെ വീണ്ടും തുടരാന്‍ മോഡി സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗവര്‍ണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങില്‍ അദ്ദേഹത്തിനുള്ള പരിചയവുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരിഗണിക്കുന്നത്.
സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയ അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളായി. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന് ഈ സ്ഥാനം ലഭിക്കാന്‍ വലിയ സാധ്യതയാണുള്ളത്. ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇത്തരമൊരു പദവി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.