Sorry, you need to enable JavaScript to visit this website.

ചര്‍മ സംരക്ഷണം പ്രധാനം 

 കറുത്തതോ വെളുത്തതോ ആയിക്കോട്ടേ.പക്ഷേ, ചര്‍മ്മത്തിന് തിളക്കമുണ്ടെങ്കില്‍ നിങ്ങള്‍ക്കും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാനാവും. ചര്‍മ്മത്തിന് മൂന്നു അടുക്കുകളാണ് ഉള്ളത്. എപ്പിഡെര്‍മിക്, ഡെര്‍മിക്, ഹൈപ്പോഡെര്‍മിക്. ഇതിനു പുറമേ രണ്ട് ഗ്രന്ഥികളുമുണ്ട്. സനേഹഗ്രന്ഥിയും ശ്വേതഗ്രന്ഥിയും. ചര്‍മ്മത്തില്‍ പറ്റുന്ന അഴുക്കുകളെ വിയര്‍പ്പിന്റെ രൂപത്തില്‍ പുറം തള്ളുന്നത് ശ്വേതഗ്രന്ഥിയാണ്. എന്നാല്‍ സ്‌നേഹഗ്രന്ഥി ത്വക്കിനാവശ്യമായ കൊഴുപ്പ് പുറപ്പെടുവിക്കുന്നു. ഇത് ചര്‍മ്മോപരിതലത്തെ മയപ്പെടുത്തുകയും അധികമായ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അര്‍ദ്ധദ്രവക വസ്തുവായ സെബം ഉണ്ടാകുന്നുണ്ട്. ഇതാണ് മുഖത്ത് ബ്‌ളാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ്, മുഖക്കുരു എന്നിവയുണ്ടാക്കുന്നത്.
സാധാരണ ചര്‍മ്മം മിനുസമുള്ളതും നേര്‍മ്മയുള്ളതുമായിരിക്കും. ഇത്തരം ചര്‍മ്മത്തിന് എല്ലായ്‌പ്പോഴും ശരിയായ രീതിയിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ സാധിക്കും. അതായത് എണ്ണമയമുള്ള ചര്‍മ്മത്തിന്റെയും വരണ്ട ചര്‍മ്മത്തിന്റെയും ഇടയിലുള്ളതാണിത്. അതുകൊണ്ട് സാധാരണചര്‍മ്മം അധികം ഈര്‍പ്പമുള്ളതോ വരണ്ടതോ വഴുവഴുപ്പുള്ളതോ ആയിരിക്കില്ല. ഈ ചര്‍മ്മം എല്ലായ്‌പ്പോഴും വൃത്തിയുള്ളതായിരിക്കും. ശരിയായ ആരോഗ്യത്തെയും ചര്‍മ്മസംരക്ഷണത്തെയുമാണിത് സൂചിപ്പിക്കുന്നത്. സാധാരണ ചര്‍മ്മത്തിന് പ്രത്യേക പരിരക്ഷയൊന്നും ആവശ്യമില്ല. പതിവായി രണ്ടുനേരം വൃത്തിയാക്കുക മാത്രം മതി.
വരണ്ട ചര്‍മ്മം കാഴ്ചയില്‍ എപ്പോഴും വരണ്ടതായിരിക്കും. ഇതില്‍ എപ്പോഴും ചര്‍മ്മം പൊരിഞ്ഞിളകുന്നുണ്ടാകും. വരകളും ചുളികളും വീഴാനുള്ള സാധ്യതയും കൂടുതലാണ്. സ്‌നേഹഗ്രന്ഥി ആവശ്യത്തിന് സെബം ഉല്‍പാദിപ്പിക്കാത്തതും ചര്‍മ്മത്തിന് ഈര്‍പ്പത്തെ അധികനേരം നിലനിര്‍ത്താന്‍ കഴിവില്ലാത്തതുമാണ് ഇതിന് കാരണം. വരണ്ട ചര്‍മ്മത്തിന് തണുപ്പുള്ള കാലാവസ്ഥയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. വരള്‍ച്ച തടയാന്‍ വേണ്ടത്ര ജലാംശം എത്തിക്കലാണ് ആദ്യ പരിരക്ഷ. ഈ ചര്‍മ്മക്കാര്‍ ദിവസവും 10 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം. സോപ്പുപയോഗിക്കുന്നത് നല്ലതല്ല. പകരം പയറുപൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം. ചര്‍മ്മം വൃത്തിയായി സൂക്ഷിക്കണം. തുടര്‍ച്ചയായി വെയിലുകൊള്ളല്‍, എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഏറെ നേരം കഴിച്ചുകൂട്ടല്‍, ചൂടേല്‍ക്കല്‍ എന്നിവ കഴിവതും ഒഴിവാക്കുക.
സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതല്‍ സെബം ഉല്പാദിപ്പിക്കുന്നതുകൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉത്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നിരുന്ന് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. അമിതമായ എണ്ണമയം ചര്‍മ്മത്തിലേക്ക് പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ടു തന്നെ ഇത്തരം ചര്‍മ്മം പൊതുവെ മങ്ങിയതായിരിക്കും. ഈ ചര്‍മ്മത്തില്‍ ബ്‌ളാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ്, മുഖക്കുരു എന്നിവ കൂടുതലായി ഉണ്ടാകുന്നു. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഒഴിവാക്കുക. വൃത്തി തന്നെയാണ് ആദ്യമരുന്ന്.


 

Latest News